തിരുവനന്തപുരം: തട്ടിപ്പുകാരുടെ ഫോൺ, അക്കൗണ്ട് നമ്പർ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറി പണമിടപാട് തത്സമയം തടയുന്ന ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ സംവിധാനം കേന്ദ്രം നടപ്പാക്കുന്നത് കേരള പോലീസിന്റെ നിർദേശം പരിഗണിച്ച്. സൈബർ തട്ടിപ്പുകൾ തടയിടാൻ ഇസ്രയേൽ വിജകരമായി നടപ്പാക്കിയ പദ്ധതി ഒരുവർഷംമുൻപ് സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബാണ് മുന്നോട്ടുവെച്ചത്.
നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് അക്കൗണ്ടുകൾക്കും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറുകൾക്കും വിശ്വാസസ്കോർ നൽകുന്നത്. ഇടപാടുകൾക്ക് മുതിരുമ്പോൾ തത്സമയം അക്കൗണ്ടുകളുടെ വിശ്വാസ്യത അറിയാനാകും. വർഷങ്ങളായി ഉപയോഗിക്കുന്നതും കൃത്യമായ ഇടപാടുകൾ നടക്കുന്നതുമായ അക്കൗണ്ടുകൾക്ക് നല്ല സ്കോർ ഉണ്ടാകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന അക്കൗണ്ടുകൾക്ക് സ്കോർ കുറവായിരിക്കും.
പരാതികൾ വരുന്നത് അനുസരിച്ച് ഇവ ചുവപ്പ് വിഭാഗത്തിലേക്ക് മാറും. ഇത്തരമൊരു അക്കൗണ്ടിലേക്ക് പണം കൈമാറാൻ ശ്രമിക്കുമ്പോൾ ഉപഭോക്താവിന് മുന്നറിയിപ്പ് ലഭിക്കും. എന്നിട്ടും പണമിടപാട് നടത്തുകയാണെങ്കിൽ ഈ ഇടപാട് വേഗത്തിൽ കണ്ടെത്തി റദ്ദാക്കാൻ പാകത്തിൽ ഫ്ളാഗ് ചെയ്യും. പരാതി ഉയർന്നാൽ ഓൺലൈൻ പണമിടപാടുകൾ നിശ്ചിതസമയത്തിനുള്ളിൽ റദ്ദാക്കാനാകും. ഈ സംവിധാനം നടപ്പാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
ഒറ്റത്തവണ പാസ്‌വേഡ് കൈവശപ്പെടുത്തി പണം കവരുന്നത് തടയാനുള്ള നിർദേശവും കേരള പോലീസ് സമർപ്പിച്ചിരുന്നു. സംസ്ഥാനത്തുനിന്ന് 2024-ൽ മാത്രം 763 കോടി രൂപയാണ് സൈബർ തട്ടിപ്പിൽ നഷ്ടമായത്. 107 കോടിമാത്രമാണ് തിരിച്ചെടുക്കാൻ കഴിഞ്ഞത്.സംസ്ഥാനത്തെ സൈബർതട്ടിപ്പ് കാര്യമായി കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിശദ റിപ്പോർട്ട് റിസർവ്‌ബാങ്കിന് കൈമാറിയത്. പൂർണമായും നടപ്പാക്കിയാൽ രാജ്യത്തെ സൈബർ സാമ്പത്തികത്തട്ടിപ്പ് കാര്യമായി കുറയ്ക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.