മലപ്പുറം: ജില്ലാ പോലീസ് തുടങ്ങിയ ഓപ്പറേഷന് ലാസ്റ്റ്ബെല്‍ പ്രത്യേകപരിശോധനയുടെ രണ്ടാംദിവസം വിവിധ സ്റ്റേഷന് പരിധിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത് 143 വാഹനങ്ങള്‍. 28 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 22 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാവിനെതിരേയാണ്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി ആറ് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു.
കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒതുക്കുങ്ങല്‍ സ്കൂള്‍ പരിസരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചെത്തിയ ബൈക്ക് പോലീസിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞു. അന്വേഷണത്തില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയേയും വാഹനവും കണ്ടെത്തി കേസെടുത്തു.സ്കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായാണ് ജില്ലാ പോലീസ് പരിശോധന തുടങ്ങിയത്. ഇതുവരെ 343 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 58 രക്ഷിതാക്കളും 20 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 78 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.
ലൈസന്‍സില്ലാതെയും അപകടകരമായ രീതിയിലും ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തുന്നത് തടയാന്‍ പെരിന്തല്‍മണ്ണ പോലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ മാത്രം 40 ബൈക്കുകള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയില്‍ മുഴുവന്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് പെരിന്തല്‍മണ്ണയിലും പരിശോധന നടത്തിയത്.15 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ ഓടിച്ചുവന്ന അഞ്ച് ബൈക്കുകള്‍ പിടികൂടി. ഇതിന് രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്ത് വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് നല്കി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും പിഴയിട്ടത്. ബാക്കിയുള്ളവര്‍ 18 വയസ്സ് തികഞ്ഞവരാണ്.
ഇവര്‍ക്ക് ലൈസന്‍സില്ലാത്തതിന് പിഴ ചുമത്തി. വീട്ടുകാര്‍ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചുവരുത്തി പോലീസ് ബോധവത്കരണം നടത്തി. പെരിന്തല്‍മണ്ണ സ്റ്റേഷന് പരിധിയില്‍ പെരിന്തല്‍മണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.