കോട്ടയം: ‘‘അമ്മ നമ്മളെ ഇട്ടിട്ട് പോയി’’-അമ്മ ബിന്ദു തങ്ങളെ വിട്ടുപോയെന്ന വിവരം ചേട്ടൻ നവനീത് വന്നുപറയുമ്പോൾ കുഞ്ഞനുജത്തി നവമി ചേട്ടനെ കെട്ടിപ്പിടിച്ച് വിങ്ങിക്കരഞ്ഞു. ഒന്നുറക്കെ കരയാൻകൂടി കഴിയാതെ പലവട്ടം മുഖം പുതപ്പിനടിയിൽ ഒളിപ്പിച്ച് നവമി മനസ്സിലെ വേദന അടക്കാൻ ശ്രമിച്ചു. കഴുത്തിന്റെ ഭാഗത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നതിനിടയിലാണ് നവമിക്ക് അമ്മയെ നഷ്ടപ്പെടുന്നത്. ഇടിഞ്ഞ കെട്ടിടത്തിൽനിന്ന് ഐസൊലേഷൻ വാർഡിലെ കട്ടിലിൽ കൊണ്ടാക്കിയപ്പോൾ മുതൽ ചെറിയ കന്പിളിപ്പുതപ്പിൽ മുഖം പൂഴ്ത്തിക്കിടക്കുകയായിരുന്നു നവമി.
ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാൽ പരിക്കുകളോടെ ആദ്യം കണ്ടെത്തിയ കുട്ടി ഒഴികെ വേറാരും അപകടത്തിൽപ്പെട്ടില്ലെന്ന അധികൃതരുടെ ധാരണയെ ആദ്യം മുതൽ നവമി എതിർത്തിരുന്നു. ‘‘അമ്മയെ കാണാനില്ല. അമ്മ അവിടെയുണ്ടായിരുന്നു. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല’’-അപകടം കഴിഞ്ഞ് മറ്റൊരു വാർഡിലേക്ക് മാറ്റിയപ്പോൾ മുതൽ നവമി തൊട്ടടുത്തുള്ള കിടക്കയിലുള്ളവരോട് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.അതോടെയാണ് കെട്ടിടത്തിനുള്ളിൽ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവർത്തകരും എത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു.കെട്ടിടത്തിനുള്ളിൽ ആൾ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്‌സാക്ഷികൾ ആവർത്തിച്ചുപറഞ്ഞിട്ടും ആശുപത്രി അധികൃതരും സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും അംഗീകരിച്ചില്ല. ആരും ഉള്ളിലില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. മാധ്യമങ്ങളോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും ഇതു ശരിവെച്ചു. ഇടിഞ്ഞ കെട്ടിടഭാഗം നീക്കി തിരച്ചിൽ ഊർജിതമാകാൻ വൈകി
എറണാകുളത്തുനിന്ന് ബിന്ദുവിന്റെ മകൻ നവനീത് മോർച്ചറിയിൽഎത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ‘‘എന്റെ അമ്മച്ചീ, ഞങ്ങളെ ഇട്ടിട്ട് പോയോ’’ എന്ന് വാവിട്ട് കരഞ്ഞാണ് നവനീത് പുറത്തേക്ക് ഇറങ്ങിയത്. മകൾ നവമിയുടെ ചികിത്സാർഥം ജൂലായ് ഒന്നിനാണ് ഇവർ ആശുപത്രിയിൽ എത്തിയത്. ആന്ധ്രപ്രദേശിൽ സ്വകാര്യ നഴ്‌സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയാണ് നവമി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.