പാലോട്: അഞ്ചുലക്ഷം രൂപ വിലവരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ കിളിമാനൂർ പള്ളിക്കലിൽനിന്നു വനപാലകർ പിടികൂടി. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായി കൂരിത്തോടുവീട്ടിൽ മുഹമ്മദ് അലി (41), കല്ലുവാതുക്കൽ നടക്കൽ സജീവ് (49) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസർ വിപിൻചന്ദ്രനും സംഘവും പിടികൂടിയത്. ഇവരിൽനിന്ന് 90 കിലോയിലധികം ചന്ദനത്തടികൾ പിടിച്ചെടുത്തു.
രണ്ടുമാസം മുൻപ് ഈ സംഘത്തിൽപ്പെട്ട ഒരാളെ പത്ത് ചാക്ക് ചന്ദനത്തടിയുമായി പാലോട് റെയ്ഞ്ച് ഓഫീസർ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പള്ളിക്കൽ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുൾ ജലീലിന്റെ വീട്ടിലെ കാർപോർച്ചിൽനിന്നു ചന്ദനം പിടിച്ചു. 102 കഷണം ചന്ദനത്തടി ചാക്കുകളിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.
പരിചയക്കാരൻ അങ്ങാടിമരുന്നെന്ന വ്യാജേന തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണിതെന്ന് അബ്ദുൾ ജലീൽ മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളായ മുഹമ്മദ് അലി, സജീവ് എന്നിവർ പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിൽനിന്ന് അഞ്ചലിലെ സ്വകാര്യകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും കണ്ടെടുത്തു.
അന്തസ്സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമേഖല. ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ സന്തോഷ്‌കുമാർ, എസ്എഫ്ഒ സന്തോഷ്, ബിഎഫ്ഒമാരായ ബിന്ദു, ഡോൺ, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. പ്രതികളെ നെടുമങ്ങാട് വനംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.