തൊടുപുഴ: വിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ട്.പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകൾ ജോർളി(34)യാണ് വ്യാഴാഴ്ച വൈകീട്ടോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യു(43)വിനെതിരേ കൊലക്കുറ്റം ചുമത്തി. ടോണി ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് അപേക്ഷ നൽകും.
ജൂൺ 26-നാണ് വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടോണിയുടെ പീഡനത്തെത്തുർന്ന് മകൾ വിഷം കഴിക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ ജോൺ കരിങ്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.
28-നാണ് യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. യുവതിയും ഭർത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീടിന് പിന്നിലെ ചായ്പിൽവെച്ചാണ് സംഭവം. നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളിൽ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോർളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്.
വ്യാഴാഴ്ച വൈകീട്ടാണ് ജോർളി മരിച്ചത്. തുടർന്നാണ് ടോണിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. ജോർളിയെ, ടോണി നിരന്തരം മർദിച്ചിരുന്നുവെന്നും പോയി മരിക്കാൻ പറയുമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് നൽകിയ 20 പവൻ സ്വർണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി വാങ്ങിയെടുത്തുവെന്നും ജോർളിയുടെ അച്ഛൻ നൽകിയ പരാതിയിലുണ്ട്. മുട്ടം എസ്എച്ച്ഒ ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് പൈങ്ങോട്ടൂർ സെയ്ന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.