ഒന്നര വര്‍ഷത്തിനിടെ 11 മെയ്ഡേ കോളുകള്‍ സ്ഥിതി ഗൗരവതരമെന്നും റിപ്പോര്‍ട്ട്. നിരന്തരമുള്ള എന്ജിന് തകരാറുകളും ‘മെയ്ഡേ’ സന്ദേശങ്ങളിലെ വര്‍ധനയും ആഗോള സുരക്ഷാ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം പിന്നോട്ടടിച്ചിട്ടുണ്ട്. സുരക്ഷിതമായ വിമാനയാത്ര ഉറപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 48–ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ 65 വിമാനങ്ങളില്‍ എന്ജിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇത് നിസാരമായി കാണേണ്ട ഒന്നല്ലെന്നും ഇന്ത്യയിലെ യാത്രാവിമാനങ്ങളില്‍ പലതും പറക്കലിനിടെ നിരന്തരം സാങ്കേതിക തകരാറുകളെ അഭിമുഖീകരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെയും ചില B737 വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തണമെന്ന് ഡിജിസിഎ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അഹമ്മദാബാദ് ദുരന്തത്തിന് കാരണം വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫ് ആയതാണെന്നായിരുന്നു പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍
2018ല്‍ യുഎസ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഉത്തരവ്. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും സ്പൈസ് ജെറ്റുമാണ് ഈ വിമാനങ്ങള്‍ ഉപയോഗിച്ചുവരുന്നത്.
ഒന്നര വര്‍ഷത്തിനിടെ പൈലറ്റുമാര്‍ 11 തവണ മെയ്ഡേ സന്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും DGCA റിപ്പോര്‍ട്ട് പറയുന്നു. വിമാനം അപകടത്തിലാണെന്ന അവസ്ഥയില്‍ പൈലറ്റ് നല്കുന്ന സന്ദേശമാണ് മെയ്ഡേ കോള്‍.
2024 ജനുവരി മുതല്‍ 2025 മേയ് വരെ മാത്രം ഇന്ത്യയില്‍ 11 വട്ടമാണ് മെയ്ഡേ കോള്‍ ലഭിച്ചത്. അടിയന്തര ലാന്‍ഡിങ് ആവശ്യമായ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് പൈലറ്റുമാര്‍ അപായസന്ദേശം നല്‍കിയത്. ഹൈദരാബാദില്‍ മാത്രം നാലുവട്ടം മെയ്ഡേ കോള്‍ ലാന്‍ഡിങ്ങുകള്‍ നടന്നു. ജൂണ്‍ 19ന് ഗുവാഹത്തിയില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച വിമാനം ഇന്ധനം ഇല്ലാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഇറക്കേണ്ടിവന്നതും ഡിജിസിഎ രേഖയിലുണ്ട്.
വിമാനം തീ പിടിക്കുന്ന സാഹചര്യം, എന്ജിന് തകരാറുകള്‍, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ മുന്നില്‍ക്കാണുമ്പോഴാണ് എമര്‍ജന്‍സി ലാന്‍ഡിങിന് അനുമതി നേടി പൈലറ്റുമാര്‍ സന്ദേശമയയ്ക്കുന്നത്.
ഇത് നിസാരമായി കാണേണ്ട ഒന്നല്ലെന്നും ഇന്ത്യയിലെ യാത്രാവിമാനങ്ങളില്‍ പലതും പറക്കലിനിടെ നിരന്തരം സാങ്കേതിക തകരാറുകളെ അഭിമുഖീകരിക്കുന്നു വെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020 മുതല്‍ 2025 വരെ 65 തവണ എന്ജിന് തകരാറുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ തകരാര്‍ സംഭവിച്ചപ്പോഴെല്ലാം രണ്ടാമത്തെ എഞ്ചിന് ഉപയോഗിച്ച് വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.
ഇന്ധന സംബന്ധമായ പ്രശ്നങ്ങളും മെക്കാനിക്കല്‍ തകരാറുകളും ഇതിനൊപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ധന ഫില്‍ട്ടറുകളിലെ തടസം, ഇന്ധനത്തില്‍ വെള്ളം കലരല്‍, എന്ജിന് സ്റ്റാക്കില്‍ മറ്റ് വസ്തുക്കള്‍ കയറല്‍ തുടങ്ങിയവയാണ് സാധാരണ എന്ജിന് തകരാറിന് വഴിവയ്ക്കുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു.
ആഗോള ശരാശരി വച്ചുനോക്കിയാല്‍ ഇന്ത്യയില്‍ ഇത്തരം തകരാറുകള്‍ വളരെക്കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൈലറ്റുമാരുടെ മനസാന്നിധ്യവും പരിചയസമ്പത്തും വൈദഗ്ധ്യവും കൊണ്ടാണ് പലപ്പോഴും ഈ തകരാറുകള്‍ ദുരന്തങ്ങളാകാതെ പോകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കനത്തവില നല്‍കേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.