തിരുവനന്തപുരം ; വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവ്.
ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയും സിനിമയെ വെല്ലുന്ന കഥകള്‍ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിലെ ട്വിസ്റ്റ് കണ്ട് പൊലീസും അമ്പരന്നു.എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാൻ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാൾ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പൊലീസിനെ അമ്പരപ്പിച്ചു. ‘‘അടുത്ത മാസം ഞാൻ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’. തന്റെ ‘പ്രതിശ്രുതവധു’വിനെ മറ്റൊരാളുമായുള്ള വിവാഹത്തിനു വേണ്ടിയാണ് താന്‍ കൊണ്ടുപോകുന്നതെന്ന് അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. ഒടുവില്‍ പ്രതിശ്രുതവധു വിവാഹത്തട്ടിപ്പിനു പിടിയിലായപ്പോള്‍ യുവാവ് അന്തംവിട്ടു.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് രേഷ്മയുടെ തട്ടിപ്പുകൾ ഓരോന്നായി പുറത്തായത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.വിവാഹത്തലേന്ന് ആര്യനാട്ടെത്തിയ രേഷ്മയെ സുഹൃത്തിന്റെ വീട്ടിലാണ് പഞ്ചായത്ത് അംഗമായ യുവാവ് താമസിപ്പിച്ചത്. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതിശ്രുത വരനും ബന്ധുവും ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
വിവാഹ ദിവസം രാവിലെ രേഷ്മ ബ്യൂട്ടിപാർലറിൽ പോയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. രേഷ്മ മുൻപ് വിവാഹം കഴിച്ച ഏഴുപേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പിനാണ് വിവാഹങ്ങൾ കഴിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്നറിയാൻ വിശദമായി ചോദ്യം ചെയ്യും. മൂന്നു വർഷം മുൻപ് നടന്ന വിവാഹത്തിലാണ് കുട്ടിയുള്ളത്.
വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. രേഷ്മയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു.
തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് വിവാഹത്തിനായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.