പത്തനംതിട്ട; ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പിടിച്ചെടുത്ത കഞ്ചാവ് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കത്തിച്ച് നശിപ്പിച്ചു.
കഴിഞ്ഞ മൂന്നുവർഷം ജില്ലയിലെ 6 പോലീസ് സ്റ്റേഷനുകളിലായി റിപ്പോർട്ട് ചെയ്ത കഞ്ചാവ് പിടിച്ചെടുത്ത കേസുകളിലെ 32.414 കിലോ കഞ്ചാവാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചത്. ഏകദേശം 7 ലക്ഷം രൂപ വിലവരുന്നതാണ് നശിപ്പിച്ച കഞ്ചാവ് .ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു രാവിലെ 10.30 ന് ഡി എച്ച് ക്യൂ ക്യാമ്പ് കോമ്പൗണ്ടിൽ കത്തിച്ചത്.
വിദ്യാർത്ഥി യുവജന വിഭാഗങ്ങളെ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന പ്രശ്നമാണ് ലഹരിവസ്തുക്കളോടുള്ള അടിമത്തമെന്ന് മനസ്സിലാക്കി, ഇതിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി നിരന്തരപരിപാടികൾ ജില്ലയിൽ പോലീസ് നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഈമാസം മൂന്നിന് ആരംഭിച്ച് തുടർന്നുവരുന്ന തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിവിധ ബോധവൽക്കരണപരിപാടികൾ ഇന്നുവരെ 204 സ്കൂളുകളിൽ നടത്തി.ജില്ലയിലെ എസ് പി ജി, എസ് പി സി, ജനമൈത്രി പോലീസ് എന്നിവയെ ഏകോപിപ്പിച്ചാണ് വിവിധ പരിപാടികൾ നടത്തിയത്.
ജില്ലാ പോലീസ് ആസ്ഥാനത്ത് ലഹരിക്കെതിരായ പ്രതിജ്ഞയെടുത്തു. ജില്ലാ പോലീസ് കാര്യാലയത്തിലെ ജീവനക്കാർ, വിവിധ പോലീസ് യൂണിറ്റുകൾ, ഡി എച്ച് ക്യു ക്യാമ്പ്, ടെലികോം യൂണിറ്റ്, വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിലെ എസ് പി സി കേഡറ്റുകൾ തുടങ്ങിയവർ പ്രതിജ്ഞ ഏറ്റുചൊല്ലി. അഡിഷണൽ എസ് പി പി വി ബേബി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ഇതേസമയം തന്നെ ജില്ലയിലെ എല്ലാ എസ്പിസി സ്കൂളുകളിലും കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും ലഹരി വിരുദ്ധപ്രതിജ്ഞഎടുത്തു.
എസ്പിജിയുടെ ആഭിമുഖ്യത്തിൽ സഭാഹാളിൽ തെരഞ്ഞെടുക്കപ്പെട്ട 15 ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് പിന്നീട് പ്രത്യേകചടങ്ങിൽ സമ്മാനം വിതരണം ചെയ്യും. എസ് പി ജി സ്കൂളുകളിൽ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലും,എസ് പി സി, എസ് പി ജി, ജനമൈത്രി പോലീസ് എന്നിവയുടെ ജില്ലാ നോഡൽ ഓഫീസറായ അഡിഷണൽ എസ് പി പി വി ബേബിയുടെ നേതൃത്വത്തിലും 'മുക്തി-2025' എന്നപേരിലാണ് എസ്പിസിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നത്. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിൽ ആയിരുന്നു പരിപാടികളുടെ കോഓർഡിനേറ്റർ.ജില്ലയിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലെ പ്രധാന സ്ഥലങ്ങളിൽ 'യോദ്ധാവ് ' ഫോൺ നമ്പർ രേഖപ്പെടുത്തിയ ബാനറുകൾ സ്ഥാപിച്ചു.
സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ തലത്തിൽ ബോധവൽക്കരണ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം, ചിത്രരചന, ഉപന്യാസരചന, കാർട്ടൂൺ രചന, പ്രശ്നോത്തരി എന്നീ പരിപാടികളും അരങ്ങേറി.എസ് പി സി എസ് പി ജി കുട്ടികൾക്കായി ഒരു മിനിറ്റ് ദൈർഘ്യമുള്ള ബോധവൽക്കരണവീഡിയോ അല്ലെങ്കിൽ റീൽസ് നിർമാണമത്സരവും നടന്നു.ഇതിനും സമ്മാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ ഏകോപനത്തിൽ എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ സുരേഷ് കുമാർ, നർകോട്ടിക് സെൽ ഗ്രേഡ് എസ് ഐ മുജീബ് റഹ്മാൻ, എസ് സി പി ഓ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.