തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ സംസ്ഥാന പൊലീസ് മേധാവിയാക്കന് അവസാന നിമിഷം വരെ പരിശ്രമിച്ച സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി.
പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര സെലക്ഷന് കമ്മിറ്റി യോഗം രവാഡ ചന്ദ്രശേഖറിനെ ഒഴിവാക്കി മനോജ് എബ്രഹാമിനെ അന്തിമ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി.രവാഡ ചന്ദ്രശേഖര്‍ നിലിവില്‍ കേന്ദ്ര സര്‍വീസില്‍ ഡിജിപി പദവിയിലാണെന്നും ഇതു കണക്കിലെടുത്ത് അദ്ദേഹത്തെ ഒഴിവാക്കി മനോജ് എബ്രഹാമിനെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി സെലക്ഷന് കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലക് മനോജിനായി വാദിച്ചെങ്കിലും കമ്മിറ്റി അംഗീകരിച്ചില്ല.
രവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന് കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന് കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കി.
ഈ പട്ടിക ഇന്നോ നാളെയോ സംസ്ഥാനത്തിനു കൈമാറും. ഇതില്‍ നിന്ന് ഒരാളെ മാത്രമേ സര്‍ക്കാരിന് പൊലീസ് മേധാവിയായി തെരഞ്ഞെടുക്കാന്‍ കഴിയൂ. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ യുപിഎസ്സി ചെയര്മാന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര പെഴ്സണല്‍ മന്ത്രാലയം സെക്രട്ടറി, ബിഎസ്എഫ് ഡിജിപി, സംസ്ഥാനത്തു നിന്ന് ചീഫ് സെക്രട്ടറി എ ജയതിലക്, നിലവിലെ പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവരാണ് പങ്കെടുത്തത്.സംസ്ഥാനം കൈമാറിയ പട്ടികയിലെ ആദ്യ പേരുകാരനും റോഡ് സേഫ്ടി കമ്മിഷണറുമായ നിതിന്‍ അഗര്‍വാളിനെ ആദ്യം തിരഞ്ഞെടുത്തു.
രണ്ടാം പേരുകാരനും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി സെക്രട്ടറിയുമായ രവാഡ ചന്ദ്രശേഖറിനെ പരിഗണിക്കുമ്പോഴാണ് അദ്ദേഹം ഇപ്പോള്‍ കേന്ദ്രത്തില്‍ ഡിജിപി പദവിയിലാണെന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആവശ്യപ്പെട്ടത്. പകരം നാലാം പേരുകാരനായ മനോജ് എബ്രഹാമിനെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള സമ്മത പത്രം രേഖാമൂലം രവാഡ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഒഴിവാക്കാനാകില്ലെന്നും സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും പട്ടികയിലെ രണ്ടാം പേരു കാരനാക്കി ഉള്‍പ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൂന്നാം പേരുകാരനും സംസ്ഥാന ഫയര്‍ ഫോഴ്സ് മേധാവിയുമായ യോഗേഷ് ഗുപ്തയെയും തിരഞ്ഞെത്തു.
ഇതോടെ നാലാം പേരു കാരനും വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാമും പട്ടികയിലെ അഞ്ചും ആറും പേരുകാരും എഡിജിപിമാരുമായ സുരേഷ് രാജ് പുരോഹിതും എം ആര് അജിത്കുമാറും ഒഴിവാക്കപ്പെടുകയുമായിരുന്നു. ഇപ്പോള്‍ കേന്ദ്രം തയാറാക്കിയ പട്ടികയിലുള്ള മൂന്നു പേരെയും സംസ്ഥാന പൊലീസ് മേധാവിമാരാക്കാന് സംസ്ഥാന സര്‍ക്കാരിനു താത്പര്യമുണ്ടായിരുന്നില്ല.
എന്നാല്‍ സെലക്ഷന് കമ്മിറ്റി ഈ മൂന്നുപേരുടെ ചുരുക്കപ്പട്ടി മാത്രം തയാറാക്കിയതോടെ ഇതില്‍ നിന്നുള്ള ഒരാളെ തെരഞ്ഞെടുക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളില്ല. പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്തയെയും പട്ടികയില്‍ നിന്നു പിന്മാറ്റാന് സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്തയ്ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
സംസ്ഥാന പൊലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്മാറിയാല് ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പിന്മാറില്ലെന്നും യോഗേഷ് കര്‍ശന നിലപാടു സ്വീകരിച്ചു.
ഇതോടെയാണ് മനോജ് എബ്രാഹിനെ പൊലീസ് തലവനാക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പാളിയത്. ജൂണ്‍ 30 ന് നിലവിലെ പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് വിരമിക്കുന്നതോടെ കേന്ദ്രം നല്കിയ ചുരുക്കപ്പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരാള്‍ പൊലീസ് തലപ്പത്തെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.