തിരുവനന്തപുരം : ശബരിമലയുടെ ചരിത്രത്തില്‍ ഇതാദ്യമായി അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബര്‍ ആരംഭത്തില്‍ പമ്പയില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്. ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓണത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തില്‍ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടപ്പില്‍വരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂര്‍ണ്ണസജ്ജമാവുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ നീങ്ങണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളങ്ങളിലും, ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കും. ഈ തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തീര്‍ത്ഥാടന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മുന്‍പരിചയമുള്ള ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുമെന്നും, തീര്‍ത്ഥാടന സമയത്ത് ശബരിമലയില്‍ നിയോഗിക്കപ്പെടുന്ന എ.ഡി.എമ്മിന്റെ നിയമനം നേരത്തെയാക്കുന്നതിന് തീരുമാനം കൈക്കൊണ്ടുവെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പഭക്തര്‍ക്ക് വൈദ്യ സഹായം ഉറപ്പാക്കുന്നതിന് പെരിനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് വേണ്ട ആലോചനകള്‍ നടത്തും. ദേവസ്വം ബോര്‍ഡിന്റെ നടപടികളില്‍ ഏകോപനം സാധ്യമാക്കുന്നതിനായി മന്ത്രിയും ദേവസ്വം സെക്രട്ടറിയും ബോര്‍ഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അടുത്തു തന്നെ ചേരുമെന്നും മെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷ്വറസ് പരിരക്ഷ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച നിലയില്‍ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ അപകടം സംഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു നിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ് നിര്‍ബന്ധിതമല്ലാത്ത ഒരു ചെറിയ ഫീസ് ഇടാക്കി നിധി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയത്തേക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമല്ലാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. മികവുറ്റ രീതിയില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നതിനുള്ള മുന്നോരുക്കങ്ങളാണ് ബോര്‍ഡ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അതിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.യോഗത്തില്‍ എം.എല്‍.എ മാരായ പ്രമോദ് നാരായണന്, വാഴൂര്‍ സോമന്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ ഡി ജി പി എസ് ശ്രീജിത്ത്, കോട്ടയം പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.