കൊല്‍ക്കത്ത: ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിന് ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം.
പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ഷിബ്നിബാസ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെച്ചാണ് പ്രണയിച്ച യുവാവിനൊപ്പം പോയത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു.![]() |
പെണ്‍കുട്ടി ഇതരമതസ്ഥനായ യുവാവിനൊപ്പം പോയി 12-ാം നാളാണ് കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഹന്‍സ്ഖാലി ഗസ്ന മേഖലയില്‍ നിന്നുളള യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധം അംഗീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. പെണ്‍കുട്ടി നേരത്തെയും ഇതേ യുവാവിനൊപ്പം ഇറങ്ങിപ്പോയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായി കുടുംബം വിവാഹം ഉറപ്പിച്ചിരുന്നു. തന്റെ സമ്മതമില്ലാതെ ഉറപ്പിച്ച വിവാഹത്തിന് തയ്യാറല്ലെന്ന് പറയുകയും കുടുംബത്തിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് യുവാവിനൊപ്പം ഇറങ്ങിപ്പോയത്.
പെണ്‍കുട്ടി തങ്ങളുടെ വിശ്വാസം തകര്‍ത്തെന്നും അവളെ മകളായി കാണാന്‍ ഇനി സാധിക്കില്ലെന്നുമാണ് അമ്മ പറഞ്ഞത്. 'മൂന്നുമാസം മുന്‍പ് അവള് ഇതേ യുവാവിനൊപ്പം പോയതാണ്. അന്ന് ഞങ്ങള്‍ അവളെ തിരികെ കൊണ്ടുവന്നു. എന്നാല്‍ അവള് വീണ്ടും പോയി അവനെ വിവാഹം കഴിച്ചു. ഇനി അവളെ ഞങ്ങള്‍ക്കുവേണ്ട. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവള് മരിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത്'- പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.