പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന കാര്യങ്ങളാണ് തലവേദനയും കഴുത്ത് വേദനയും. പലപ്പോഴും ഇത് നിസാരമായി തള്ളികളയാറാണ് പതിവ്. പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടാവുന്ന തലവേദന. എന്നാൽ ഇവയെ അത്ര നിസാരമായി തള്ളികളയരുതെന്നും മരണത്തിന് പോലും കാരണമാവുന്ന മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായിരിക്കാം ഇതെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് യുകെയിലെ മാഞ്ചസ്റ്ററിൽ അഞ്ച് വയസുള്ള ഒരു പെൺകുട്ടിയെ ഛർദ്ദി, കഴുത്ത് വേദന, തലവേദന എന്നിവയെ തുടർന്ന് ഡോക്ടറെ കാണിച്ചത്. ടോൺസിൽ അണുബാധയായിരിക്കും ഇതെന്നായിരുന്നു നിഗമനം. എന്നാൽ 12 മണിക്കൂറിനുള്ളിൽ പെൺകുട്ടി മരണപ്പെട്ടു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടിക്ക് ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് ഗുരുതരവും ജീവന് ഭീഷണിയുമായ ഒരു അണുബാധയാണ്, ഇതിന് ഉടനടി വൈദ്യസഹായം ആവശ്യമാണ്.എന്താണ് മെനിഞ്ചൈറ്റിസ്
തലച്ചോറിനും സുഷുമ്നാ നാഡിയ്ക്കും ചുറ്റുമുള്ള മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുൾപ്പടെ നിരവധി വ്യത്യസ്ത രോഗകാരികൾ ഈ രോഗത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ബാക്ടീരിയ മൂലമുള്ള മെനിഞ്ചൈറ്റിസ് ആണ് കൂട്ടത്തിൽ ഏറ്റവും ഗുരുതരം. അതേസമയം വൈറൽ മെനിഞ്ചൈറ്റിസ് അപൂർവമായി മാത്രമേ ജീവന് ഭീഷണിയാവുകയുള്ളു. അതേസമയം കുട്ടികളിൽ ഈ രോഗം ഗുരുതരമാവാനുള്ള സാധ്യത വളരെയധികമാണ്. കൂടാതെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, കീമോ തെറാപ്പി, അല്ലെങ്കിൽ അവയവം മാറ്റിവയ്ക്കൽ, മജ്ജ മാറ്റിവയ്ക്കൽ പോലുള്ളവ ചെയ്തവർ എന്നിവർക്കും രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പനി, തലവേദന, ഛർദി, പേശിവേദന, കഴുത്ത് വേദന, ഓക്കാനം, ഫോട്ടോഫോബിയ (പ്രകാശം അടിക്കുമ്പോൾ കണ്ണുകൾക്കുണ്ടാവുന്ന അസ്വസ്ഥത), ആശയക്കുഴപ്പം എന്നിവയാണ് മെനിഞ്ചൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് മെനിഞ്ചൈറ്റിസിൽ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും എളുപ്പമാർഗം. രോഗലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടന്ന് തന്നെ ആരോഗ്യവിദഗ്ധരെ പോയി കാണുകയും നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.