പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശിര്‍നന്ദ ജീവനൊടുക്കിയതിന് പിന്നാലെ സ്കൂളിലെ സമയക്രമത്തിൽ മാറ്റം വരുത്തി. പിടിഎയുടെ ആവശ്യപ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്.
രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് ക്ലാസ്സ് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച ഭക്ഷണം കഴിക്കുന്ന സമയം 20 മിനുറ്റായിരുന്നത് 40 മിനുറ്റാക്കി വർധിപ്പിച്ചു. രണ്ട് ഇടവേള സമയങ്ങൾ 15 മിനുറ്റാക്കി ഉയത്തിയിട്ടുണ്ട്. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു.കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്.രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതി നൽകാനും തീരുമാനമായതായി പിടിഎ അറിയിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ആശിര്‍നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്ഇതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ആശിര്‍നന്ദ ജീവനൊടുക്കിയതെന്നായിരുന്നു രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ആരോപണവിധേയരായ സ്‌കൂളിലെ പ്രധാന അധ്യാപിക അടക്കം മൂന്ന് അധ്യാപകരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം താത്ക്കാലികമായി അവസാനിച്ചിരുന്നു.തൊട്ടടുത്ത ദിവസം രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ആരോപണവിധേയരായ അഞ്ച് അധ്യാപരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. പ്രധാന അധ്യാപിക ജോയ്‌സി ഒ പി, അധ്യാപകരായ തങ്കം, അര്‍ച്ചന, അമ്പിളി, സ്റ്റെല്ലാ ബാബു എന്നിവരെ പുറത്താക്കിയതായായിരുന്നു മാനേജ്‌മെന്റ് അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചട്ടവിരുദ്ധമായ നടപടികള്‍ ഇനി ഉണ്ടാകില്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇതിനിടെ മരിക്കുന്നതിന് മുന്‍പ് ആശിര്‍നന്ദ എഴുതിയ കുറിപ്പ് സുഹൃത്തുക്കള്‍ പൊലീസിന് കൈമാറി.സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ആശിര്‍നന്ദയുടെ കുറിപ്പ്. സുഹൃത്തിന്റെ ബുക്കിന്റെ പിന്‍ഭാഗത്തായായിരുന്നു ആശിര്‍നന്ദ കുറിപ്പെഴുതിയത്. സ്‌കൂളിലെ അധ്യാപകര്‍ തന്റെ ജിവിതം തകര്‍ത്തു എന്നായിരുന്നു ആശിര്‍നന്ദ എഴുതിയിരുന്നത്. അധ്യാപകരായ അര്‍ച്ചന, അമ്പിളി എന്നിവരുടെ പേരും കുറിപ്പില്‍ ഉണ്ടായിരുന്നു. സ്റ്റെല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.