തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറവ് വോട്ടുകളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നല്കിയ വോട്ടുകള്‍ കൊണ്ട് മാത്രമാണ് യുഡിഎഫ് ജയിച്ചത്. യുഡിഎഫിന്റെ വിജയം ജമാഅത്തെ ഇസ്ലാമിയുടെയും ദേശവിരുദ്ധ ശക്തികളുടെയും വിജയമാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ, എല്‍ഡിഎഫിന്റെ വോട്ട് വിഭജിക്കുകയും കൂടി ചെയ്തതുകൊണ്ടാണ് യുഡിഎഫിന് വിജയം സാധ്യമായതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.അഴിമതിയുടെയും രാഷ്ട്രവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തില്‍ നിന്ന് മാറി വികസനം ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയമാണ് തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതെന്ന് മറ്റൊരു പോസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറാത്തത് ഇനി മാറും. ആ മാറ്റത്തിന്റെ തുടക്കമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. മതരാഷ്ട്രവാദം അടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്പ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണച്ചതാണ് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചത്. വിഷയം എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കിയിരുന്നു. ഇക്കാര്യം കൂടി സൂചിപ്പിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ആര്യാടന് ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.
ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നായിരുന്നു ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചത്. അവഗണനയേറ്റ നിലമ്പൂരുകാരുടെ വിജയമാണിതെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടന് ഷൗക്കത്തിന് അഭിനന്ദം അറിയിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്.
ആര്യാടന് ഷൗക്കത്തിന് മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു സ്വരാജ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.