നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് വിധിയെഴുതുക.

മലപ്പുറം: നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക.

വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിധാനമൊരുക്കും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. 23നാണ്‌ വോട്ടെണ്ണൽ.

2026 നിയമഭാ തിരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന നിലയിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിനെ മത്സരരം​ഗത്ത് ഇറക്കിയതോടെയാണ് നിലമ്പൂരിൽ മത്സരം പ്രവചനാതീതമായ സ്വഭാവത്തിലേയ്ക്ക് മാറിയത്. ആദ്യഘട്ടത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന പി വി അൻവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മത്സരിക്കാൻ ഇറങ്ങിയതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ആവേശകരമായി. നിലമ്പൂരിൽ മത്സരിച്ചേക്കില്ലെന്ന ആദ്യഘട്ടത്തിൽ സൂചന നൽകിയ ബിജെപി കൂടി മത്സരരം​ഗത്തേയ്ക്ക് വന്നതോടെ ചതുഷ്കോണ മത്സരത്തിന്റെ പ്രതീതി കൂടി നിലമ്പൂരിൽ സൃഷ്ടിക്കപ്പെട്ടിരുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെ നിലമ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ തന്നെ യുഡിഎഫ് രം​​ഗത്തിറക്കിയത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്ന പി വി അൻവറിന്റെ സമ്മർദ്ദത്തെ അവ​ഗണിച്ചായിരുന്നു യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി മുൻ കേരള കോൺ​ഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജിനെയാണ് രം​ഗത്തിറക്കിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 പേരാണ് മത്സരരംഗത്തുള്ളത്. 14 പേരായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. ഇതിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവറിൻ്റെ അപരനുൾപ്പടെയുള്ള നാല് പേർ പത്രിക പിൻവലിച്ചിരുന്നു.

മൂന്നാംവട്ടവും അധികാരത്തിൽ എത്തുമെന്ന പ്രതീതി ഇടതുമുന്നണി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലമ്പൂരിലെ പോരാട്ടം പ്രതിപക്ഷത്തെ സംബന്ധിച്ച് നി‍ർണ്ണായകമാണ്. പി വി അൻവർ ഉയർത്തിയ ആരോപണങ്ങളും പിണറായിസത്തിനെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന വിവരണവും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് തെളിയിക്കാൻ നിലമ്പൂരിൽ വിജയിക്കേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ചും പ്രധാനമാണ്. വന്യമൃ​ഗ ശല്യവുമായി ബന്ധപ്പെട്ട് മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മുതൽ സർക്കാരിൻ്റെ വികസന പദ്ധതികൾ ക്ഷേമ പെൻഷനുകൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്ത് സജീവമായിരുന്നു.

ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചത് വലിയ രാഷ്ട്രീയ വിഷയമായി ഇടതുമുന്നണി ഉയർത്തിയിരുന്നു. എന്നാൽ പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം ആർഎസ്എസുമായി സഹകരിച്ചിരുന്നു എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തൽ ഇടതുമുന്നണിയെ വോട്ടെടുപ്പിന് തൊട്ട് മുമ്പ് പ്രതിരോധത്തിലാക്കിയിരുന്നു. മലയോര കർഷകരുടെ നിലപാടും പരമ്പരാ​ഗത ക്രിസ്ത്യൻ വോട്ടുകളും ആർക്കൊപ്പം എന്നതുമാകും നിലമ്പൂരിൽ നി‍ർണ്ണായകമാകുക എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ വോട്ടുബാങ്കുകളുടെ പരമ്പരാ​ഗത സ്വഭാവത്തിൽ വിള്ളൽ വീഴുമോ എന്നത് ഇടത്-വലത് മുന്നണികളെ സംബന്ധിച്ച് നിർണ്ണായകമാണ്.

പി വി അൻവറും, ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജും ലക്ഷ്യമിടുന്നത് പ്രധാനമായും ഈ വോട്ടുബാങ്കുകളിലാണ്.മെയ് 25നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നിലമ്പൂരിന് പുറമെ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദാർ എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 26നായിരുന്നു തിരഞ്ഞെടുപ്പിൻ്റെ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. ജൂൺ രണ്ടിനായിരുന്നു നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചിനായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !