നിലമ്പൂര്‍: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണം കടുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍. ചതുഷ്കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന് നിലമ്പൂരിലേയ്ക്ക് എത്തുന്നുണ്ട്. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്വെന്ഷന് തീരുമാനിച്ചിരിക്കുന്നത്.കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഇതിനിടെ അൻവർ വഞ്ചിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി പറയാൻ പി വി അൻവർ ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രചാരണത്തിനിറങ്ങിയതോടെ തങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് ഇന്ന് പ്രചാരണം നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.മുതിര്‍ന്ന നേതാവ് കെ മുരളീധരന് ആറാം തീയതിയോടെ മണ്ഡലത്തില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തു?, സര്‍ക്കാരിന്റെ വീഴ്ചകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് യുഡിഎഫ് പ്രധാനമായും ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ പ്രചാരണം.
ഇന്നലെ കൊച്ചിയില്‍ എത്തിയ മോഹന്‍ ജോര്‍ജ് ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് മുത്തേടം പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണം. ബിജെപി മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പം അണിനിരക്കും. ഉപതിരഞ്ഞെടുപ്പ് വരുത്തിവെച്ചതെന്നാണ് എന്‍ഡിഎയുടെ പക്ഷം. ഭരണവിരുദ്ധ വികാരം അടക്കം ഉയര്‍ത്തി വോട്ട് പെട്ടിയിലാക്കാമെന്നാണ് എന്‍ഡിഎ കരുതുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ അദ്ദേഹത്തിന്റേതായ നിലയിലാണ് പ്രചാരണം നടത്തുന്നത്. സോഷ്യല്‍ മീഡിയയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ ആയുധം. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോ എന്നത് പ്രസക്തമല്ലെന്നാണ് അന്‍വറിന്റെ പക്ഷം. പിണറായിസത്തെ തകര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃണമല്‍ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വോട്ട് പിടിക്കും. 75,000ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലഭിക്കും. കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്‍വര്‍ സാദത്ത് അപരനാണെന്നും ആര്യാടന് ഷൗക്കത്തിന്റെ വലംകയ്യാണെന്നും അന്‍വര്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.