മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിൻ്റെ നിലപാട് തള്ളി എൻസിപി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യത്തിൽ വിയോജിപ്പ് അറിയിച്ചതായി എൻസിപി നേതാവ് സുപ്രിയ സുലേ വ്യക്തമാക്കി.
പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമിപിച്ചിരുന്നു. എന്നാൽ ഇത് ഉചിതമായ സമയമല്ലെന്ന് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി സുപ്രിയ സുലേ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനുമായി വിദേശത്ത് സന്ദർശനം നടത്തുന്ന സർവ്വകക്ഷി സംഘത്തിൻ്റെ ഭാഗമായിരുന്നപ്പോഴാണ് കോൺഗ്രസ് നേതാക്കൾ വിളിച്ചതെന്നും സുപ്രിയ സുലേ വ്യക്തമാക്കി.ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഒരു ചർച്ചയുടെയും ആവശ്യമില്ലെന്നായിരുന്നു എന്റെ പാർട്ടിയുടെ നിലപാട്. വിദേശകാര്യം, ദേശീയ സുരക്ഷ എന്നീ കാര്യങ്ങളിൽ അപ്പോൾ അധികാരത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കണമെന്ന് പവാർ സാഹിബ് എപ്പോഴും പറയാറുണ്ടായിരുന്നു' എന്നാണ് സുപ്രിയ സുലേ വ്യക്തമാക്കിയത്.
ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ഖത്തർ, എത്യോപ്യ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങൾ സന്ദർശിച്ച സർവ്വകക്ഷി പ്രതിനിധി സംഘത്തെ നയിച്ചത് സുപ്രിയ സുലേ ആയിരുന്നു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രിയ എൻസിപിയുടെ നിലപാട് വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ കാഴ്ചപ്പാട് വിദേശത്ത് അവതരിപ്പിക്കുമ്പോൾ തന്നെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും ഒരു ചർച്ചയും ആവശ്യപ്പെടുന്നത് എങ്ങനെ കാണാൻ കഴിയുമെന്നും സുപ്രിയ സുലേ ചോദിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ പഹൽഗാം ആക്രമണത്തെയും ഓപ്പറേഷൻ സിന്ദൂരിനെയും കുറിച്ച് സർക്കാരിനെ ചോദ്യം ചെയ്യുമെന്ന നിലപാട് കോൺഗ്രസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിയ സുലേ വ്യക്തമാക്കി.
ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനായി പോയ സർവ്വകക്ഷി പ്രതിനിധികളെല്ലാം വിദേശത്ത് നിന്ന് മടങ്ങിവരുന്നതുവരെ യോഗം വിളിക്കുന്നതിനായി കാത്തിരിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് സംസാരിച്ചിരുന്നുവെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തര സുരക്ഷാ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിൽ നിന്ന് ഉത്തരങ്ങൾ ആവശ്യപ്പെടുമെന്നും സുപ്രിയ സുലേ വ്യക്തമാക്കിയിട്ടുണ്ട്. “ഇൻഡ്യ മുന്നണി പാർട്ടികളുടെ സഖ്യമാണ്.ചില വിഷയങ്ങളിൽ എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട് എന്നതുകൊണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവർ തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ ഒരു ജനാധിപത്യത്തിലാണ്, ഓരോ പാർട്ടിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, എന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന സിഡിഎസിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിച്ച് പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സിംഗപ്പൂരിൽ ഒരു അഭിമുഖത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടൻ വിളിച്ചുചേർത്താൽ മാത്രമേ ഇവ ചോദിക്കാൻ കഴിയൂ. മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. യുദ്ധത്തിന്റെ മൂടൽമഞ്ഞ് ഇപ്പോൾ നീങ്ങുകയാണ്' എന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.