ന്യൂഡല്‍ഹി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജവും ഉശിരും ഇടപെടാനുള്ള സന്നദ്ധതയും ആഗോള വേദിയില്‍ ഇന്ത്യയുടെ സ്വത്താണെന്നും സമാനതകളില്ലാത്തതാണെന്നും തരൂര്‍ പറയുന്നു.
ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും തരൂര്‍ പ്രശംസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നത് ഐക്യത്തിന്റെ ശബ്ദമാണെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.
'ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, നിരന്തരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവയാണ് പഠിച്ച പാഠങ്ങൾ. സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളിലൂടെ ഇന്ത്യ മുന്നോട്ട് പോകുമ്പോൾ തീർച്ചയായും ഇതെല്ലാം മാർഗ്ഗനിർദ്ദേശക തത്വങ്ങളായി വർത്തിക്കും. കൂടുതൽ നീതിയുക്തവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ലോകത്തിനായി എപ്പോഴും പരിശ്രമിക്കും.' തരൂർ എഴുതുന്നു .
പഹൽഗാം ഭീകരാക്രമണത്തിനും 'ഓപ്പറേഷൻ സിന്ദൂറി'നും ശേഷമുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ പിന്തുണച്ചുകൊണ്ട് തരൂർ പറഞ്ഞു: 'നയതന്ത്ര ഇടപെടൽ ആഗോള ധാരണകളെ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ളതായിരുന്നു.'
അമേരിക്കയിലായിരിക്കുമ്പോൾ പാകിസ്താൻ സംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും തരൂർ പരാമർശിച്ചു. 'ഒരു പാകിസ്താൻ സംഘം ആ സമയത്ത് അവിടെ ഉണ്ടായിരുന്നപ്പോഴും, യുഎസ് പ്രതിനിധികൾ ഞങ്ങളുടെ ആശങ്കകൾ ഏറ്റുവാങ്ങി.ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘങ്ങൾക്കെതിരെ നിർണ്ണായക നടപടി എടുക്കാൻ അവർ ആവശ്യപ്പെട്ടു.'
'എന്റെ പ്രധാന സന്ദേശങ്ങളിലൊന്ന് ഇതായിരുന്നു: ഇന്ത്യ തന്റെ വളർച്ചയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഭീകരവാദത്തെയും യുദ്ധത്തെയും ഒഴിവാക്കാവുന്ന ഒരു തടസ്സമായി കണക്കാക്കുന്നു; പാകിസ്താനിൽനിന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങളുടെ ജനങ്ങളെ സേവിക്കാൻ ഞങ്ങളെ വെറുതെ വിടുക എന്നത് മാത്രമാണ്. എന്നാൽ അവർ ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും: ഓരോ ആക്രമണത്തിനും അവർ വില നൽകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.' തരൂർ എഴുതി.
നേരത്തെ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച തരൂരിനെതിരേ കോണ്‍ഗ്രസ് യോഗത്തിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ താത്പര്യപ്രകാരം ശശി തരൂര്‍ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രവര്‍ത്തകസമിതിയിലെ സ്ഥിരാംഗമായിരുന്ന് പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് തുല്യമായാണ് തരൂരിന്റെ പ്രവൃത്തിയെ നേതൃത്വം വിലയിരുത്തുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും തരൂര്‍ സ്വന്തംനിലയില്‍ തീരുമാനമെടുക്കട്ടെയെന്നുമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നയം. പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് അണികള്‍ക്ക് ബോധ്യപ്പെടുമ്പോള്‍ മാത്രം നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടി നടപടിയെടുത്ത് തരൂരിന് ശക്തി പകരില്ലെന്നാണ് സൂചന.തരൂര്‍ ഇപ്പോള്‍ ചെയ്യുന്നത് പാര്‍ട്ടി വിരുദ്ധതയാണെന്നതില്‍ നേതൃത്വത്തിന് സംശയമില്ല. തരൂരിനെ വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാനാക്കാന്‍ പാര്‍ട്ടിയാണ് നിര്‍ദേശിച്ചത്. വിദേശസന്ദര്‍ശനം ഏറ്റെടുക്കുന്നത് ആ പദവിയുടെയും വ്യക്തിപരമായ കഴിവിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരിധിക്കുള്ളില്‍നിന്നാണെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചിക്കേണ്ടതില്ലേ എന്നാണ് നേതാക്കളുടെ ചോദ്യം.
നിലമ്പൂര്‍ വോട്ടെടുപ്പുദിവസത്തെ പ്രസ്താവനയിലൂടെ തരൂര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതും നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. കേരളത്തിലെ മിക്ക നേതാക്കളും നിലമ്പൂരില്‍ പ്രചാരണത്തിനായെത്തിയത് ആരുടെയും നിര്‍ദേശപ്രകാരമല്ല. തരൂര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.