ശ്രീകൃഷ്ണപുരം: സെന്റ് ഡൊമനിക് ഇംഗ്ലീഷ് മീഡിയം കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ (14) ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന ആക്ഷേപം ശക്തം.
ക്ളാസ് ടെസ്റ്റിൽ ഒന്നരമാർക്ക് കുറഞ്ഞതിന്റെ പേരിൽ കടുത്ത പീഡനമാണ് അൺ എയ്ഡഡ് സ്‌കൂൾ അധികൃതരിൽ നിന്ന് ഏൽക്കേണ്ടി വന്നതെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും പറഞ്ഞു.എട്ടാം ക്ലാസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് കൈപ്പടയിൽ എഴുതി വാങ്ങിയതായി ഇവർ വെളിപ്പെടുത്തി. നിലവാരം കുറഞ്ഞ കുട്ടികൾക്കായുള്ള മറ്റൊരു ക്ളാസിലേക്ക് മാറ്റി ഇരുത്തിയതും സുഹൃത്തുക്കളെ പിരിയേണ്ടിവന്നതും കുട്ടിയെ സമ്മർദ്ദത്തിലാക്കി.
തച്ചനാട്ടുകര ചെങ്ങണക്കാട്ടിൽ പ്രശാന്ത്-ജിത ദമ്പതികളുടെ മകൾ ആശിർനന്ദ 23ന് സ്കൂൾവിട്ടുവന്നശേഷം മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.കരഞ്ഞുകൊണ്ടാണ് സ്‌കൂളിൽ നിന്ന് വന്നതെന്നും ബന്ധുക്കൾ പറഞ്ഞു. അനുജത്തി ആര്യനന്ദയ്ക്കൊപ്പം കുറച്ചുനേരം ചെവഴിച്ചശേഷമാണ് മുകളിലത്തെ മുറിയിലേക്ക് പോയത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പ്രിൻസിപ്പൽ ഒ.പി. ജോയ്സി, സെക്ഷൻ ഹെഡ് സ്റ്റെല്ല എന്നിവർക്കെതിരെ നാട്ടുക്കൽ പൊലീസ് കേസെടുത്തു.പ്രതിഷേധം ശക്തമായതോടെ, ആരോപണ വിധേയരായ പ്രിൻസിപ്പൽ ഒ.പി.ജോയ്സി, പ്രോഗ്രാം കോഓർഡിനേറ്റർ സ്റ്റെല്ല ബാബു, അദ്ധ്യാപിക എ.ടി.തങ്കം എന്നിവരെ മാനേജ്മെന്റ് പുറത്താക്കി.
സ്‌കൂളിൽ മാനസിക പീഡനം ഉണ്ടായിട്ടില്ലെന്നും പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ അതിനെ മറികടക്കാനും നില മെച്ചപ്പെടുത്താനും പ്രത്യേക ക്ലാസ് നൽകാറുണ്ടെന്നും അദ്ധ്യാപകരും മാനേജ്‌മെന്റും പ്രതികരിച്ചു. വിദ്യാർത്ഥിനിയുടെ ബന്ധുക്കളും എസ്.എഫ്.ഐയുടെയും എം.എസ്.എഫിന്റെയും പ്രവർത്തകരും മറ്റു രക്ഷിതാക്കളും നാട്ടുകാരും ഇന്നലെ സ്‌കൂളിൽ പ്രതിഷേധിച്ചു. വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.