കൊച്ചി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള മിച്ചഭൂമിക്കേസില്‍ കൊച്ചി നഗരത്തിലെ 200 കോടി രൂപയോളം വിലയുള്ള ഭൂമിയുള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പനമ്പിള്ളി നഗറിനു സമീപമുള്ള 4.22 ഏക്കറും കോട്ടയത്തെ വടയാര്‍, കുലശേഖരമംഗലം വില്ലേജുകളിലേതുള്‍പ്പടെ 70.85 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. 1963-ലെ ഭൂപരിഷ്കരണ നിയമപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അന്തിമ ഉത്തരവിറക്കി.
ഇതില്‍ 55.72 ഏക്കര്‍ റബ്ബര്‍ത്തോട്ടം അനധികൃതമായി തരംമാറ്റിയെന്നു കണ്ടെത്തി. ഇതിനൊപ്പം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ഭൂമിയില്‍ പലതും വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡ് രൂപവത്കരിച്ചതിനുശേഷം തോട്ടംഭൂമി അനധികൃത പരിവര്‍ത്തനം നടത്തിയ കേസില്‍ ഇത്രയും വലിയ ഏറ്റെടുക്കല്‍ ഇതാദ്യമാണ്. ഏത്രയുംവേഗം മിച്ചഭൂമി ഏറ്റെടുക്കാന്‍ വൈക്കം, കണയന്നൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് നോട്ടീസ് നല്കി.കേസിലുള്‍പ്പെട്ട ഈ ഭൂമി വാങ്ങിയവര്‍ ഇതോടെ വെട്ടിലാകും. ഭൂമിവാങ്ങിയവരുടെ മുന്നില്‍ കല്പിതകുടിയാന്‍ എന്നരീതിയില്‍ ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ഇ വകുപ്പുപ്രകാരം അപേക്ഷനല്‍കുകയേ മാര്‍ഗമുള്ളൂ.
ഇത് ലാന്‍ഡ് ട്രിബ്യൂണല്‍ എന്നനിലയില്‍ വൈക്കം തഹസില്‍ദാര്‍ പരിശോധിച്ചശേഷമേ ഭൂമി വിട്ടുനല്‍കുന്നതില്‍ തീരുമാനമുണ്ടാകൂ. ഏറ്റെടുക്കുന്ന 70.85 ഏക്കറില്‍ 1.9 ഏക്കര്‍ റോഡും തോടുമായി മാറിയിട്ടുണ്ട്. കൊച്ചിയിലെ വാണിജ്യപ്രാധാന്യം ഏറെയുള്ള 4.22 ഏക്കറിന് 200 കോടി രൂപയോളമാണ് അധികൃതര്‍ വിലകണക്കാക്കുന്നത്.
കേസിന്റെ തുടക്കംനടപടിക്കു വിധേയമാകുന്ന മിച്ചഭൂമിയുടെ കേസ് തുടങ്ങുന്നത് 1973-ലാണ്. ഭൂപരിഷ്കരണ നിയമം വന്നതോടെ ഒരു കുടുംബത്തിന് പരമാവധി 15 ഏക്കര്‍ മാത്രമാണ് കൈവശംവെക്കാവുന്നത്. അധികമായുള്ള ഭൂമി സര്‍ക്കാരിന് സമര്‍പ്പിക്കണമായിരുന്നു. തലയോലപ്പറമ്പ് കൊല്ലംപറമ്പില്‍ ഔസേഫ് മാത്യുവിന്റെ പേരിലുണ്ടായിരുന്നത് 84 ഏക്കറായിരുന്നു. ഭൂമിസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഔസേഫ് മാത്യു സര്‍ക്കാരിന് അപേക്ഷനല്‍കി.
അവിവാഹിതനായതിനാല്‍ ഇയാള്‍ക്ക് ആറ് ഏക്കര്‍ കൈവശംവെക്കാമെന്ന് 1978-ല്‍ സര്‍ക്കാര്‍ കരട് ഉത്തരവിറക്കി. കൈവശമുണ്ടായിരുന്നതില്‍ കോട്ടയം ജില്ലയിലെ 55 ഏക്കര്‍ റബ്ബര്‍ത്തോട്ടമായിരുന്നതിനാല്‍ പ്ലാന്റേഷനുള്ള ഇളവുവേണമെന്ന് ആവശ്യപ്പെട്ട് ഔസേഫ് മാത്യു അപ്പീല്‍ നല്കി. അതില്‍ ഇളവ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍, ആ വര്‍ഷംതന്നെ അദ്ദേഹം മരിച്ചു. മരിക്കുന്നതിനുമുന്നേ ട്രസ്റ്റ് രൂപവത്കരിച്ചുകൊണ്ടുള്ള വില്‍പ്പത്രം തയ്യാറാക്കി. ഭൂസ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റി മാത്രമുള്ള ട്രസ്റ്റിനു കീഴിലേക്കുമാറ്റി.
ഹൈക്കോടതിയെ ഉള്‍പ്പെടെ സമീപിച്ച് ഈ ട്രസ്റ്റി വില്‍പ്പത്രത്തിന്റെ നിയമസാധുത നേടിയെടുത്തു. ഒട്ടേറെ കോടതിനടപടികള്‍ക്കൊടുവില്‍ 2022-ലാണ് ട്രസ്റ്റിയെ മിച്ചഭൂമിക്കേസില്‍ കക്ഷിയായി സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നത്. 2023-ല്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് സ്ഥാപിതമായതോടെ മിച്ചഭൂമിക്കേസുകളെല്ലാം കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡിലേക്ക് മാറി.വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഓതറൈസ്ഡ് ഓഫീസര്‍ കേസില്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് 55 ഏക്കര്‍ പ്ലാന്റേഷന് മുഴുവന്‍ വെട്ടിനിരത്തി വിറ്റതായി വ്യക്തമാകുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവുലഭിക്കുന്ന തോട്ടഭൂമി മുറിച്ചുവില്‍ക്കാമെങ്കിലും പരിവര്‍ത്തനപ്പെടുത്തുകയോ തരംമാറ്റുകയോ ചെയ്യരുതെന്നാണ്. അങ്ങനെചെയ്താല്‍ നിയമലംഘനമായി കണക്കാക്കി കേസ് വീണ്ടും തുടങ്ങാം. ഇതിനിടെ കോടതിതന്നെ പുതിയ കേസായി പരിഗണിക്കാന്‍ ആവശ്യപ്പെട്ടതോടെ നടപടികളുമായി ലാന്‍ഡ് ബോര്‍ഡ് മുന്നോട്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.