തിരുവനന്തപുരം: 'ഇമ്മിണി ബല്യകാര്യങ്ങളു'മായി ബാലാവകാശ കമ്മീഷന്റെ 'റേഡിയോ നെല്ലിക്ക'വരുന്നു. കുട്ടികളുടെ രക്ഷയ്ക്ക്, അവരുടെ ശബ്ദത്തിന് മുന്‍ഗണന നല്കി കഥപറച്ചിലും ചര്‍ച്ചകളുമൊക്കെയായി റേഡിയോ കുട്ടികളെ തേടും.
എവിടിരുന്നും കേള്‍ക്കാവുന്ന 'നെല്ലിക്ക'യിലൂടെ കുട്ടികളിലെ മാനസിക സംഘര്‍ഷം, ലഹരി-സൈബര്‍ ഇടങ്ങളിലെ ചതി, ആത്മഹത്യ, സമൂഹമാധ്യമ അടിമത്തം തുടങ്ങിയവ തടയും. കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ റേഡിയോയുടെ ഭാഗമാക്കി ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശം എന്നിവയില്‍ അവബോധമുണ്ടാക്കാനാണ് കമ്മിഷന് മുന്നിട്ടിറങ്ങുന്നത്.
കുട്ടികളുടെ അവകാശങ്ങള്‍, പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ആകര്‍ഷകമായ ഉള്ളടക്കമുണ്ടാകും 18-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ഇന്റര്‍നെറ്റ് റേഡിയോയില്‍. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ചവരെ നാലുമണിക്കൂറാണ് പരിപാടികള്‍. ശനിയും ഞായറും ഇവയുടെ ആവര്‍ത്തനവും.
ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ ആരംഭിക്കുന്നത്. ഡിജിറ്റല്‍ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയെക്കുറിച്ചുള്ള നിര്‍ണായക സന്ദേശങ്ങള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തിക്കാന്‍ സാധിക്കും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തിരിച്ചറിയാനും തടയാനും ഈ നൂതന സംരംഭം സമൂഹത്തിന് ഊര്‍ജമാകും-ബാലാവകാശ കമ്മിഷന് കരുതുന്നു.പരിപാടികള്‍
റൈറ്റ് ടേണ്‍: രാവിലെ ഏഴുമുതല്‍ എട്ടുവരെ റൈറ്റ് ടേണ്‍. കുട്ടികളുടെ അവകാശ,നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളത്. സന്തോഷകരവും പ്രചോദനാത്മകവുമായ വിഷയങ്ങളെ രസകരമായ രീതിയില്‍ കുട്ടികളുടെ പ്രകടനങ്ങളും പൊതുവിജ്ഞാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കും. വൈകീട്ട് 4 മുതല്‍ 5 വരെ വീണ്ടും കേള്‍ക്കാം.
ഇമ്മിണി ബല്യ കാര്യം: രാവിലെ 8 മുതല്‍ 9 വരെ ഇമ്മിണി ബല്യ കാര്യം ഫോണിന് പരിപാടി.. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ചുചേര്‍ത്ത് കുഞ്ഞുമനസുകളില്‍ സാമൂഹിക സാസ്കാരിക അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.യഥാര്‍ഥ ജീവിതകഥകള്‍, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങള്‍, സംവാദങ്ങള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് സാമൂഹികമൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാന്‍ സാധിക്കും. വൈകിട്ട് 5 മുതല്‍ 6 വരെ വീണ്ടും കേള്‍ക്കാം.
ആകാശദൂത്: 12 മുതല്‍ ഒന്നുവരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷം, അനുഭവം,കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവെക്കും. എല്ലാ പ്രായക്കാരും സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്ന പരിപാടി കൂടിയാണിത്. രാത്രി 8 മുതല്‍ 9 വരെ വീണ്ടും കേള്‍ക്കാം. അങ്കിള്‍ബോസ്: ഒന്നുമുതല്‍ രണ്ടുവരെ റേഡിയോ ചാറ്റ് പ്രോഗ്രാം. വിവിധ പ്രായക്കാരായ കുട്ടികളുടെ സുഹൃത്തും വഴികാട്ടിയും അഭ്യുദയകാക്ഷിയുമാണ് അങ്കിള്‍ ബോസ്. കുട്ടികള്‍ക്ക് അങ്കിള്‍ ബോസിനോട് ചോദ്യങ്ങള്‍ ചോദിക്കാം, അവകാശങ്ങള്‍ സംബന്ധിച്ച് ഉപദേശങ്ങള്‍ തേടാം, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പറയാം, സംശയങ്ങള്‍ ചോദിക്കാം. രാത്രി 9 മുതല്‍ 10 വരെ വീണ്ടും കേള്‍ക്കാം.
25 ലക്ഷം കുടുംബങ്ങളിലേയ്ക്ക്
25 ലക്ഷം കുടുംബങ്ങളെ ശ്രോതാക്കളാക്കും.15397 സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍,അധ്യാപകര്‍, പിറ്റി.എ, എസ്.പി.സി, എന്‍.എസ്.എസ്, സ്കൂള്‍ ക്ലബുകള്‍ എന്നിവ വഴി റേഡിയോ എത്തും. കുടുംബശ്രീയുടെ 29202 ബാലസഭാംഗങ്ങള്, 33120 അങ്കണവാടികളിലെ അധ്യാപകര്‍, രക്ഷിതാക്കള്എന്നിവര്ക്കു പുറമേ 464 ശിശു സംരക്ഷണ സ്ഥാപനങ്ങളിലും കേള്‍വിക്കാരുണ്ടാകും. തദ്ദേശവാര്‍ഡുകളില്‍ എന്‍ജിഒകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തൂടങ്ങിയവയുടെ സഹായം തേടും.
ഫോണില്‍ പ്ലേ സ്റ്റോറില്‍ നിന്നും IOS ല്‍ ആപ്സ്റ്റോറില്‍ നിന്നും റേഡിയോ ഡൗണ്‍ലോഡ് ചെയ്യാം. കംപ്യൂട്ടറില്‍ radionellikka.com ലൂടെയും കാറില്‍ ഓക്സ് കേബിള്‍,ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേള്‍ക്കാം. കുട്ടിക്കാല ഓര്‍മകള്‍,അനുഭവങ്ങള്‍,സ്കൂള്‍ ജീവിതം സന്തോഷം, പ്രയാസം തുടങ്ങിയവ ആകാശദൂതിലേക്ക് ഇ-മെയിലായും (radionellikka@gmail.com), വാട്ട്സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം,അങ്കിള്‍ ബോസ് എന്നിവയിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.