എടപ്പാള്‍: 'പൈപ്പ്ലൈന് സ്ഥാപിക്കാന്‍ റോഡ് പൊളിച്ചത് കേരള വാട്ടര്‍ അതോറിറ്റിയാണ്. റോഡ് ടാര്‍ ചെയ്യേണ്ടതും വാട്ടര്‍ അതോറിറ്റിയാണ്... പരാതികള്‍ക്ക് വാട്ടര്‍ അതോറിറ്റിയെ സമീപിക്കുക' - എടപ്പാളില്‍ പലയിടങ്ങളിലും വെച്ചിട്ടുള്ള ബോര്‍ഡാണിത്. ജല അതോറിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ മൊബൈല്‍ നമ്പറും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ പേരിലാണ് ബോര്‍ഡുകള്‍.
കുറ്റിപ്പുറം മുതല്‍ ഗുരുവായൂര്‍ റൂട്ടില്‍ പലയിടങ്ങളിലും ബോര്‍ഡ് വെച്ചിട്ടുണ്ട്. ജല്‍ജീവന്‍ മിഷനില്‍ പൈപ്പ് ഇടാനായി പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ ജല അതോറിറ്റി ശ്രദ്ധിക്കാറില്ല. പൊളിഞ്ഞ റോഡുകളുടെ പേരില്‍ പഴി കേള്‍ക്കേണ്ടിവരുന്നതു മുഴുവന്‍ പൊതുമരാമത്തു വകുപ്പാണ്. പ്രാദേശിക ഭരണാധികാരികള്‍ മുതല്‍ എംഎല്‍എമാരും നാട്ടുകാരുമെല്ലാം പൊതുമരാമത്തുവകുപ്പില്‍ വിളിച്ച് രോഷം പ്രകടിപ്പിക്കും.മഴക്കാലമായതോടെ ഇത്തരം വിളികള്‍ വളരെക്കൂടുതലായി. പലയിടത്തും യുവജനസംഘടനകള്‍ സമരവുമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് എത്താനും തുടങ്ങി. അതോടെയാണ് പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് പലയിടങ്ങളിലും ബോര്‍ഡു വെച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ പൊളിക്കുമ്പോള്‍ അത് നന്നാക്കാനുള്ള പണം മുന്‍കൂര്‍ കെട്ടിവെച്ചശേഷമാണ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 'ജല്‍ജീവന്‍ മിഷന്' പദ്ധതിക്ക് ഈ നിബന്ധനയില്ല. പൊളിക്കുന്നതിന്റെയും നന്നാക്കുന്നതിന്റെയും ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിക്ക് നല്കുന്ന തരത്തിലാണ് ഇതിന്റെ കരാര്‍ വ്യവസ്ഥകള്‍.
പലയിടത്തും പിഡബ്ല്യുഡി കരാറുകാരുടെ സഹകരണത്തോടെയാണ് ബോര്‍ഡ് വെച്ചിട്ടുള്ളത്. നില്‍ക്കക്കള്ളിയില്ലാതെ ചെയ്തതാണ്. ആരോടും ചോദിച്ചും പറഞ്ഞുമൊന്നുമില്ല - പൊതുമരാമത്ത് വകുപ്പിലെ മേലധികാരികളുടെ അറിവോടെയാണോ ഇത് വെച്ചിട്ടുള്ളത് എന്നു ചോദിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
മഴമാറിയാല്‍ റോഡുകള്‍ നന്നാക്കുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. മഞ്ജുമോള്‍ പറഞ്ഞു. ഫണ്ട് കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും റോഡുകള്‍ ടാര്‍ചെയ്യാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു നിരത്തുകളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കാരണമറിയില്ലെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.