കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.കെനിയയില്‍നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയില്‍നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫീവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്.ഇതോടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയര്‍ന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടന്‍തന്നെ നോര്‍ക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ഇടപെടല്‍ നടത്തി. ഇതേത്തുടര്‍ന്ന് യെല്ലോ ഫീവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിനല്‍കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെനിന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും.ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.