തിരുവനന്തപുരം: തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോൾ തിയറ്ററിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. സ്വാഗതം ആശംസിച്ച എൻ ബാലഗോപാൽ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ് പ്രശംസ കൊണ്ട് മൂടിയത്. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ സംഘാടകർ ഇടപെട്ട് പ്രസംഗം നിർത്തിച്ചു.
'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം', 'പിണറായി വിജയൻ ലെജൻഡ്' എന്നെല്ലാമാണ് സ്വാഗത പ്രസംഗകനായ എൻ ബാലഗോപാൽ പുകഴ്ത്തിയത്. പ്രശംസ കേട്ട മുഖ്യമന്ത്രി അസ്വസ്ഥനായി. ഇക്കാര്യം മനസിലാക്കിയ സംഘാടകർ പ്രസംഗം പരിമിതപ്പെടുത്താൻ പ്രസംഗകന് പേപ്പറിൽ എഴുതി നിർദേശം നൽകി. കൂടുതൽ സംസാരിച്ചാൽ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും 'അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് സ്വാഗത പ്രസംഗകൻ എൻ ബാലഗോപാൽ പ്രസംഗം നിർത്തിയത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനാണ് എൻ ബാലഗോപാൽ.കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളം. ലഹരി ഉപയോഗം സമൂഹത്തിലെ വിപത്താണ്. അത്തരം കാര്യങ്ങളിൽ നല്ല നിലപാട് സ്വീകരിക്കാനും പൊതുബോധം ഉയർത്താനും വായനയ്ക്ക് സാധിക്കും.പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന രാജ്യത്തെ 44 മുൻനിര ജില്ലകളിൽ കേരളത്തിലെ 13 ജില്ലകളുമുണ്ട്. ഇത് നാടിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.