തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ സിനിമാ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ വെച്ച് ദുരനുഭവം നേരിട്ടുവെന്ന് മൊഴി നല്‍കിയ നടി.സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ പേരുകളും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ നടിയുടെ മൊഴിക്കപ്പുറം ആരോപണം തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പൊലീസ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിലൽ സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു. തന്‍റെ ആരോപണങ്ങൾ ശരിവെക്കുന്നതിന് നടിക്കും തെളിവൊന്നും നല്‍കാൻ കഴിഞ്ഞില്ല.
പൊലീസ് റിപ്പോട്ടിലെ പ്രധാന കണ്ടെത്തലുകൾ
ലൈംഗിക അതിക്രമം നടന്നുവെന്ന് പറയുന്ന ഹോട്ടൽ പിന്നീട് ഉടമകൾ മെഡിക്കല്‍ രംഗത്തുള്ള ഒരു കമ്പനിക്ക് കൈമാറി. ഹോട്ടലുകളിലെ രേഖകളെല്ലാം നശിപ്പിച്ചു. അത് കൊണ്ട് സംഭവം നടന്നുവെന്ന് പറയുന്ന ദിവസം ബാലചന്ദ്രമേനോൻ ഹോട്ടിലിൽ തങ്ങിയിരുന്നോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ ഹോട്ടലിൽ താമസിച്ചിരുന്നുവെന്നാണ് നടിയുടെ വാദം. എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് മാത്രമായിരുന്ന നടിക്ക് മറ്റ് ജൂനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം ചെറിയ ഹോട്ടലിലാണ് താമസം ഒരുക്കിയിരുന്നതെന്ന് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവർ മൊഴി നല്കി. ആരോപണവുമായി ബന്ധപ്പെട്ട ഹോട്ടൽ പിന്നീട് ബാങ്ക് ജപ്തി ചെയ്തു. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവമായതിനാലും കൂടുതല്‍ പരിശോധനക്കും പ്രായോഗിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തിൽ തെളിവില്ലെന്ന് കാട്ടി പൊലീസ് അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചു. പൊലീസ് കണ്ടെത്തലിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കോടതി നടിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത് . ഇതിന് ശേഷം കേസ് അവസാനിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.