തിരുവനന്തപുരം: ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷൻ യാർഡിൽ സൂക്ഷിച്ചിരുന്ന 100 കിലോയോളം തൂക്കം വരുന്ന അലുമിനിയം ലൈൻ കമ്പികൾ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ ആര്യനാട് പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലിം (58), മണ്ണൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി (59) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അന്നേ ദിവസം രാത്രി ഉഴമലയ്ക്കൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിനു മുന്നിൽ ഓട്ടോയിലെത്തിയ പ്രതികൾ യാർഡിലെത്തി അലുമിനിയം ലൈൻ ചുരുൾ കമ്പികൾ ഓട്ടോയിൽ കടത്തി പോവുകയായിരുന്നു. ശേഷം ഒളിവിൽ പോയ പ്രതികളെ വ്യപകമായ തെരച്ചിൽ നടത്തിയാണ് പൊലീസ് പിടികൂടിയത്. കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാഫിയുടെ നിർദ്ദേശപ്രകാരം ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി എസ് അജീഷിന്‍റെ നേതൃത്വത്തിൽ എസ് ഐ വേണു കെ, സൂരജ് ഷിബു,മ നോജ് ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അതിനിടെ കെ എസ് ഇ ബിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് കഴിഞ്ഞ സാമ്പത്തികവർഷം 31,213 പരിശോധനകൾ നടത്തിയതിൽ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തി എന്നതാണ്. പിഴയായി 41.14 കോടിരൂപ ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്തതിനാൽ ഒരാൾക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളിൽ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവിൽ പിഴചുമത്തിയത്. വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം.വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെ എസ് ഇ ബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയെ അറിയിക്കാം. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെ എസ് ഇ ബി പാരിതോഷികം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.