ഖത്തര്‍: ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.
അഭൂതപൂര്‍വമായ ഒരു സംഭവമാണ് ഇതെന്നും ആഗോള ഊര്‍ജ്ജ വിപണികളിലും പ്രാദേശിക സുരക്ഷയിലും മൊത്തത്തില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ഇന്ന് ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി.സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം സംഘര്‍ഷവും പ്രതിസന്ധിയും രൂക്ഷമാകുന്നത് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഓര്‍മിപ്പിച്ചു.ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയായിരുന്നു.വാഷിംഗ്ടണും തെഹ്റാനും തമ്മില്‍ ഒരു കരാറിലെത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ മേഖലയിലെ പല രാജ്യങ്ങളും ഉള്പെട്ടിരുന്നു.പ്രവചിക്കാന്‍ കഴിയാത്ത ഒരു വലിയ യുദ്ധത്തില്‍ നിന്ന് മേഖലയെ സംരക്ഷിക്കാന്‍ അമേരിക്ക,അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മറ്റ് അന്താരാഷ്ട്ര ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്ന് ആശയവിനിമയം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുത്താനും സ്ഥിതി കൂടുതല്‍ വഷളാക്കാനും ഒരു കക്ഷി ശ്രമിക്കുകയും മറ്റെല്ലാ കക്ഷികളും സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ നിലവിലെ സാഹചര്യം സംഘര്‍ഷ പരമ്പരയുടെ ഒരു പുതിയ ഘട്ടമായാണ് കണക്കാക്കുന്നതെന്നും ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.’വെല്ലുവിളി നിറഞ്ഞ ഭീഷണമായ ഈ സാഹചര്യത്തിലും മേഖലയിലെ സമുദ്ര ഗതാഗതം സാധാരണഗതിയില്‍ തുടരുന്നുണ്ട്,എന്നാല്‍ സംഘര്‍ഷം ഉടന്‍ അവസാനിച്ചില്ലെങ്കില്‍ സമുദ്രഗതാഗതത്തിനും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രാദേശിക സാമ്പത്തിക ഘടന സാധാരണ ഗതിയില്‍ മുന്നോട്ടു പോകുന്നുണ്ട്.അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.സംഘര്‍ഷം ലഘൂകരിക്കുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയെ ബാധിക്കാതിരിക്കാനും ഖത്തറിന്റെ ആശയവിനിമയ ചാനലുകള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.മേഖലയിലെ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അനുകൂലമായ നിരവധി ആശയവിനിമയങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.നേരത്തെറിപ്പോര്‍ട്ട് ചെയ്തതുപോലെ,അമേരിക്ക ഇതുവരെ ഈ സംഘര്‍ഷത്തിന്റെ ഭാഗമായിട്ടില്ല.
ഇറാനും അമേരിക്കക്കുമിടയിലെ മധ്യസ്ഥതയില്‍ ഖത്തറിന് വലിയ പങ്കാളിത്തമുണ്ടെന്നും അത് നല്ല നിലയില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധി നയതന്ത്ര തലത്തില്‍ പരിഹരിക്കാന്‍ അമേരിക്ക ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഡോ.മാജിദ് അല്‍ അന്‍സാരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതി സാധാരണഗതിയില്‍ തുടരുന്നുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.ഗസയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രാദേശിക ശ്രമങ്ങളെ ഇറാന്- ഇസ്രായേല്‍ സംഘര്‍ഷം വൈകിപ്പിക്കുന്നു.സംഘര്‍ഷം അവസാനിപ്പിക്കാനും എല്ലാ കക്ഷികളും അനുരഞ്ജന ചര്‍ച്ചകളിലേക്ക് മടങ്ങിവരാനും ഖത്തര്‍ ആവശ്യപ്പെടുന്നു.’- അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.