കൊല്ലം : ജ്വല്ലറി ഉടമയിൽനിന്നു 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ കോഴിക്കോട് ട്രാഫിക് നോർത്ത് അസി.പൊലീസ് കമ്മിഷണർ തൃശൂർ പേരിൽചേരി കൊപ്പുള്ളി ഹൗസിൽ കെ.എ.സുരേഷ്ബാബുവിനെ സസ്പെൻഡ് ചെയ്തു.
ജ്വല്ലറി ഉടമ ബാങ്കിൽ നിന്നെടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് കുടിശികയിൽ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ചു ജപ്തി ഒഴിവാക്കിക്കൊടുക്കാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്നാണു കേസ്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.സിറ്റി പൊലീസ് മേധാവി കിരൺ നാരായണന്റെ റിപ്പോർട്ടിനെത്തുടർന്നാണു നടപടി.
കേസിൽ സുരേഷ് കുമാറിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജി നഗർ കൊപ്പുള്ളി ഹൗസിൽ വി.പി.നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ശക്തികുളങ്ങര ജയശങ്കറിൽ ബാലചന്ദ്രക്കുറുപ്പ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
ജില്ലയിലും പുറത്തും ശാഖകളുണ്ടായിരുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്നാണു ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. സുരേഷ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2023 ലാണു സംഭവം.
പൊലീസ് പറഞ്ഞത്: കോവിഡ് കാലത്ത് ജ്വല്ലറി ഉടമയ്ക്കു ബിസിനസിൽ നഷ്ടമുണ്ടായി. ഇതോടെ, പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർഡ്രാഫ്റ്റ് വായ്പ 52 കോടിയോളം കുടിശികയായി.
ജ്വല്ലറി ഉടമയുടെയും ബന്ധുക്കളുടെയും പേരിലുള്ള 38 വസ്തുക്കൾ ജപ്തി ചെയ്യാൻ എറണാകുളത്തെ കടംതിരിച്ചുപിടിക്കൽ ട്രൈബ്യൂണലിനെ ബാങ്ക് സമീപിച്ചു.
ബാങ്കിലും ജഡ്ജി ഉൾപ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്തുക്കൾ വീണ്ടെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് അന്നു തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് വിഭാഗത്തിൽ ഡിവൈഎസ്പിയായിരുന്ന സുരേഷ്ബാബുവും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി ജ്വല്ലറി ഉടമയെ സമീപിച്ചത്. 52 കോടി കുടിശിക 25 കോടിയായി കുറച്ചു നൽകാമെന്നായിരുന്നു ഉറപ്പ്.
നഗരത്തിലെ ഹോട്ടലിൽ തങ്ങിയ സുരേഷ്ബാബുവും ഭാര്യയും ജ്വല്ലറി ഉടമയുമായി ചർച്ച നടത്തി കരാർ ഒപ്പുവച്ചു. 25 കോടിയുടെ 10 ശതമാനമായ 2.5 കോടി രൂപ മുൻകൂർ ബാങ്കിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥനായതിനാൽ തന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കേണ്ടെന്നും ആദ്യ ഗഡുവായി 25 ലക്ഷം രൂപ ഡോ. ബാലചന്ദ്രക്കുറുപ്പിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാനും നിർദേശിച്ചു.
ബാക്കി 2.26 കോടി രൂപ നുസ്രത്തിന്റെ അക്കൗണ്ട് വഴി കൈക്കലാക്കി. ഈ തുക ബാങ്കിൽ അടയ്ക്കുകയോ ജപ്തി ഒഴിവാക്കാൻ നടപടിയെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് ജ്വല്ലറി ഉടമ പരാതിപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.