അമരാവതി: ഇന്ത്യന്‍ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മൂന്ന് ഘടകങ്ങളും അതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി വരുത്താന്‍ അധികാരമുണ്ട്, എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു വിധിന്യായം ചൂണ്ടിക്കാട്ടി വ്യക്തമാക്കുകയുണ്ടായി. അമരാവതിയില്‍ ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാര്‍ലമെന്റാണ് പരമോന്നതമെന്ന് പലരും പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, എന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ഭരണഘടനയാണ് പരമോന്നതമായത്. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഭരണഘടനയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്' ചീഫ് ജസ്റ്റിസ് പറഞ്ഞു.സര്‍ക്കാരിനെതിരായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതുകൊണ്ട് മാത്രം ഒരു ജഡ്ജി സ്വതന്ത്രനാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ജഡ്ജി എപ്പോഴും ഓര്‍ക്കണം, നമുക്ക് ഒരു കടമയുണ്ട്, നമ്മള് പൗരന്മാരുടെ അവകാശങ്ങളുടെയും ഭരണഘടനാപരമായ മൂല്യങ്ങളുടെയും തത്വങ്ങളുടെയും സംരക്ഷകരാണെന്ന കാര്യം. അധികാരം മാത്രമല്ല നമുക്ക് ഉള്ളത്, നമ്മില്‍ ഒരു കടമ അര്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യവും തിരിച്ചറിയണം' ചീഫ് ജസ്റ്റിസ് പറഞ്ഞു.
തങ്ങളുടെ വിധിന്യായത്തെക്കുറിച്ച് ആളുകള്‍ എന്തു പറയും അല്ലെങ്കില്‍ അവര്‍ക്ക് എന്തു തോന്നും എന്നുള്ള ചിന്ത ഒരു ജഡ്ജിയെ തീരുമാനങ്ങളെടുക്കുന്നതില്‍ സ്വാധീനിക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി. 'നമ്മള് സ്വതന്ത്രമായി ചിന്തിക്കണം. ആളുകള്‍ എന്തു പറയും എന്നത് നമ്മുടെ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഒരു ഭാഗമാകാന്‍ പാടില്ല' ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഞാന്‍ എപ്പോഴും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൗലികാവകാശങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടത്. പാര്‍പ്പിടത്തിനുള്ള അവകാശമാണ് പരമപ്രധാനമാണ്. 'ബുള്‍ഡോസര്‍ നീതിക്ക്' എതിരായ തന്റെ വിധിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഒരു ആര്‍ക്കിടെക്ട് ആകാനാണ് ആഗ്രഹിച്ചത്. പിതാവ് ഞാനൊരു അഭിഭാഷകനാകണമെന്ന് ആഗ്രഹിച്ചു എന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ഗവായ് തന്റെ ബാല്യകാലത്തെക്കുറിച്ചും ഓര്‍ത്തെടുത്തു. തന്റെ പിതാവ് ഒരു അഭിഭാഷകനാകാനാണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല, കാരണം ആ സമയത്ത് അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.