തിരുവനന്തപുരം :കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രി കൃത്യസമയത്ത് ഉചിതമായ ചികിത്സാസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ തനിക്ക് ഈ ദുര്‍ഗതി വരില്ലായിരുന്നുവെന്ന് കൈയിലെയും കാലിലെയും വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന സോഫ്റ്റ്വെയര് എന്‍ജിനീയര്‍ മുട്ടത്തറ സ്വദേശി നീതു. നാളെ സംസ്ഥാന മെഡിക്കൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്നും നീതു പറഞ്ഞു.
ഗുരുതരമായ വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ നിസാരമായി തള്ളുകയാണ് ആശുപത്രി അധികൃതര്‍ ചെയ്തതെന്നും നീതു പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു തരത്തിലുള്ള പരിചരണവും ലഭിച്ചില്ല. മുന്‍പ് ഇതേ ആശുപത്രിയില്‍ ഒരാള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ മെച്ചപ്പെട്ട തുടര്‍ചികിത്സ അധികൃതര്‍ ഉറപ്പാക്കേണ്ടതായിരുന്നു എന്നും നീതു പറഞ്ഞു.വിഷയം അന്വേഷിച്ച മെഡിക്കല്‍ കമ്മിറ്റി എവിടെയും തൊടാതെയുള്ള പ്രാഥമിക റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇനിയൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്നും നീതു പറഞ്ഞു. ഇതുവരെയുള്ള ചികിത്സകള്‍ക്കായി 30 ലക്ഷത്തോളം രൂപയാണ് ചെലവായിരിക്കുന്നത്. ഫെബ്രുവരി 22നാണ് അരശുമൂട്ടിലെ കോസ്മെറ്റിക് ആശുപത്രിയില്‍ നീതു ശസ്ത്രക്രിയ നടത്തിയത്. ഓപ്പണ്‍ സര്‍ജറിയാണെന്നുള്ള കാര്യം അധികൃതര്‍ പറഞ്ഞിരുന്നില്ലെന്നു നീതു പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ഓഫിസില്‍ പോയി തുടങ്ങാമെന്നാണു പറഞ്ഞത്. ഇപ്പോള്‍ വിരലുകള്‍ നഷ്ടപ്പെട്ട്, കുട്ടികളെ പോലും പരിചരിക്കാന്‍ കഴിയാതെ 4 മാസമായി നീതു കഷ്ടത അനുഭവിക്കുകയാണ്.
‘‘ഫെബ്രുവരി 22 ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തി കഞ്ഞി കുടിച്ചപ്പോള്‍ ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതായിരിക്കും മധുരമുള്ള എന്തെങ്കിലും കഴിച്ചാല്‍ മതിയെന്നു പറഞ്ഞു. രക്തസമ്മര്‍ദം കുറഞ്ഞതാണെങ്കില്‍ ഉപ്പിട്ടു കഞ്ഞിവെള്ളം കുടിക്കാനും പറഞ്ഞു. പിന്നീട് ആശുപത്രിയിലേക്കു വരട്ടെ എന്നു ചോദിച്ചപ്പോള്‍ ഞായറാഴ്ച അവധിയാണെന്നായിരുന്നു മറുപടി. അടുത്തുള്ള ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ശ്വാസതടസം ഉള്‍പ്പെടെ ഉണ്ടെന്നു പറഞ്ഞിട്ടും ഒരു കുഴപ്പവുമില്ല രക്തം കയറ്റിയാല്‍ തീരുന്ന പ്രശ്നമാണെന്നാണു പറഞ്ഞത്. എന്നാല്‍ ബിപി തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ രാത്രിയോടെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റാമെന്നു പറഞ്ഞു. കാറില്‍ കയറ്റി ദൂരെയുള്ള സ്വകാര്യ ആശുപത്രിലേക്കാണു കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴേക്കും ഹൃദയ സ്തംഭനം ഉണ്ടായി. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാതെയാണ് ഒരു മണിക്കൂര്‍ സഞ്ചരിച്ച് മറ്റൊരു ആശുപത്രിയില്‍ എത്തിച്ചത്. അതിനിടയില്‍ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ മരണം ഉറപ്പായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.