കൊല്ലം: വിവിധ വകുപ്പുകളില്‍ 2016 നവംബറിനുശേഷം ആശ്രിതനിയമനം വഴി അധികമായി നിയമിക്കപ്പെട്ട എല്‍ഡി ക്ലാര്‍ക്കുമാര്‍ക്ക് സ്ഥാനക്കയറ്റത്തിനു വിലക്ക്. ആശ്രിതനിയമനം അഞ്ചുശതമാനത്തില്‍ അധികമാകരുതെന്ന ഹൈക്കോടതിയുടെ അന്തിമവിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. റാങ്ക്പട്ടിക നിലനില്‍ക്കെ വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററിയായി 40 ശതമാനംവരെ ആശ്രിതനിയമനം നടന്നിരുന്നു. ഇതിനെതിരേ പിഎസ്സി റാങ്ക്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്.
2016 നവംബര്‍ 25-ന് പിഎസ്സി പുറപ്പെടുവിച്ച എല്‍ഡി ക്ലാര്‍ക്ക് പട്ടികയില്‍നിന്ന് ഓരോ വകുപ്പും നടത്തിയ ആശ്രിതനിയമനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അഞ്ചുശതമാനത്തിലധികം നടത്തിയ ആശ്രിതനിയമനങ്ങളെ 'സൂപ്പര്‍ ന്യൂമററി' ആയി കണക്കാക്കിയിട്ടുണ്ടോയെന്ന് എല്ലാ വകുപ്പുമേധാവികളും രണ്ടുദിവസത്തിനകം പൊതുഭരണവകുപ്പിനെ അറിയിക്കണം. ഇതു പാലിച്ചിട്ടില്ലാത്ത വകുപ്പുകളോട് 2016 മുതല്‍, അഞ്ചുശതമാനത്തിലധികം നടത്തിയ നിയമനങ്ങള്‍ സൂപ്പര്‍ ന്യൂമററി ആയി കണക്കാക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ മാറ്റപ്പെടുന്നവര്‍ക്ക്, ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ചുശതമാനം എന്ന കണക്കിലേ ഇനി സ്ഥിരനിയമനം നല്‍കുകയുള്ളൂ. സൂപ്പര്‍ ന്യൂമററി ആക്കിയിരിക്കുന്ന കാലത്തെ സര്‍വീസ്, സീനിയോറിറ്റിക്ക് പരിഗണിക്കില്ല.നിയമനം പരിധി കടന്നുആകെ ഒഴിവുകളുടെ അഞ്ചുശതമാനത്തിലധികം ആശ്രിതനിയമനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവും കോടതിവിധികളും പാലിക്കാതെയാണ് വിവിധ വകുപ്പുകളില്‍ നിയമനം നടത്തിയിട്ടുള്ളത്. പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരില്‍ 38 ശതമാനവും ആശ്രിതനിയമനക്കാരാണ്. റവന്യു, കൃഷി, ജലവിഭവം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും അനുവദനീയമായ അനുപാതത്തിന്റെ മൂന്നും നാലും ഇരട്ടി ആശ്രിതനിയമനം നടത്തിയിട്ടുണ്ട്. ഇത്തരം നിയമനത്തിലൂടെ പിഎസ്സി പരീക്ഷ എഴുതുന്നവരുടെ അവസരം നഷ്ടപ്പെടുന്നു, സംവരണം അട്ടിമറിക്കപ്പെടുന്നു, പിഎസ്സി വഴി കയറിയവരുടെ സ്ഥാനക്കയറ്റം തടസ്സപ്പെടുന്നു എന്നിങ്ങനെയുള്ള നൂറുകണക്കിന് പരാതികള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. പോലീസ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തസ്തികയായ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമാരെല്ലാം ആശ്രിതനിയമനം വഴി വന്നവരാണ്. ഈ മാസമാദ്യം ഡെപ്യൂട്ടി കളക്ടര്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച 19 പേരില്‍ 16 പേരും തഹസില്‍ദാര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരുടെ 71 ശതമാനവും ആശ്രിതനിയമനക്കാരായിരുന്നു.
അനുപാതം മറികടന്നുള്ള ആശ്രിതനിയമനത്തിനെതിരേ, വിവിധ വകുപ്പുകളിലെ പിഎസ്സി വഴിയെത്തിയ ഉദ്യോഗസ്ഥര്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നുണ്ടിപ്പോള്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.