കോയമ്പത്തൂർ: ദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്ന സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘമെന്ന സംശയത്തിലാണു പൊലീസ്. കാറിനെ പിന്തുടരുകയും കവർച്ച നടത്തുകയും ചെയ്ത രീതിയാണ് ഈ നിഗമനത്തിനു കാരണം.
മുഖം മറച്ചെത്തിയ സംഘം പരസ്പരം തൃശൂർ ശൈലിയിലാണ് സംസാരിച്ചത്. ലോറി ഓടിച്ച ആളുടെ മുഖം മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു. മധുക്കര ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ലോറി രാത്രിയോടെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ നമ്പർ വ്യാജമെന്നു കണ്ടെത്തി. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ആറരയോടെയാണു തൃശൂരിലെ സ്വർണാഭരണ നിർമാണ സ്ഥാപനമായ ജെപി ജ്വല്ലറിയുടെ ഉടമ ജെയ്സൺ ജേക്കബ് (55), ജീവനക്കാരൻ എസ്.വിഷ്ണു (20) എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്.ചെന്നൈയിലെ ജ്വല്ലറികൾക്കു വേണ്ടി ആഭരണങ്ങൾ നിർമിക്കാനുള്ള സ്വർണ ബാറുകളുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു തൃശൂരിലേക്ക് പോവുകയായിരുന്നു ജെയ്സൺ. ജെയ്സണെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കൂട്ടാൻ എത്തിയതായിരുന്നു വിഷ്ണു.
കവർച്ചാസംഘം ഡോർ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ജയ്സൺ വിസമ്മതിച്ചതോടെ ഇരുമ്പുവടി കൊണ്ടു ചില്ലു തകർത്ത് അകത്തു കടന്നു. പെപ്പർ സ്പ്രേ ഉപയോഗിക്കുകയും കാറിനു പിന്നിലേക്കിരുത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 2 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം ഇരുവരെയും റോഡരികിൽ തള്ളിയിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.