കൊച്ചി: ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. ഇത്തരത്തിൽ യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നടപടി ഉണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കോടതി നിർദേശം നൽകി. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കും.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ഹർജികളിലൊന്ന് കോടതിയുടെ പരിഗണനയിൽ വന്നത്. നിലവിലെ അവസ്ഥയിൽ യാത്ര ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും അതിനാൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപഹർജിയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
.jpeg)
ടോൾ കരാർ എടുത്തിരിക്കുന്ന കമ്പനിയല്ല നിലവിൽ അടിപ്പാതകളുടെ നിർമാണ പ്രവർത്തനം നടത്തുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലും ഇത് യാത്ര ചെയ്യുന്ന ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കരാറുകാരുടെ കാര്യം പറഞ്ഞ് പഴിചാരൽ അല്ല ആവശ്യം. കനത്ത ഗതാഗതമാണ് ഗതാഗത കുരുക്കിന് കാരണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും അടിപ്പാത നിർമാണം ഏറെ ബാധിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ എന്തു പരിഹാര നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നിലവിൽ അഞ്ചിടത്താണ് അടിപ്പാതകളുടെ നിർമാണം നടക്കുന്നത് എന്നും വൻ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. യാത്രാസമയം ഏറെ വർധിക്കുകയാണ്. 
ഇതിനു പുറമേ പാലിയേക്കര ടോൾ ബൂത്തിലും നീണ്ട ക്യൂവാണ്. റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കുന്നതുവരെ ടോൾ പിരിവ് നിർത്താൻ ഉത്തരവിടണമെന്നായിരുന്നു ഹർജി. റോഡ് നിർമാണത്തിനു ചെലവായതിനെക്കാൾ കൂടിയ തുക ഇതിനകം പിരിച്ചെടുത്തതിനാൽ ടോൾ പിരിവ് നിർത്തണമെന്നും ടോൾ പിരിവിന്റെ കാലാവധി 2026ൽ നിന്ന് 2028ലേക്ക് നീട്ടിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹർജിക്കാരനുൾപ്പെടെ നൽകിയ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലായിരുന്നു ഉപഹർജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.