മുംബൈ: മഹാരാഷ്ട്രയിലെ മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കവിതാസമാഹാരത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച കവി ഹേമന്ത് ദിവ്ദെ അവാര്‍ഡ് തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചു. 2021-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് കവി കേശവ്സുത് പുരസ്കാരം നല്കി ആദരിച്ചിരുന്നു. അവാര്‍ഡ് തിരികെ നല്‍കാനുള്ള തീരുമാനം അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെയാണ് പ്രഖ്യാപിച്ചത്.
ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മടക്കിക്കൊണ്ടുവന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം രൂപപ്പെടുന്നതിനിടെയാണ് ദിവ്ദെയുടെ ഈ പ്രഖ്യാപനം. മഹാരാഷ്ട്രസ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുതിയതായി ഇറക്കിയ ഉത്തരവില്‍ ഹിന്ദിപഠനം നിര്‍ബന്ധം എന്ന ഭാഗം മാറ്റിയെങ്കിലും ഒരു ക്ലാസിലെ ഇരുപതിലധികം കുട്ടികള്‍ ആവശ്യം ഉന്നയിച്ചാല്‍ സ്കൂളുകള്‍ ഹിന്ദി പഠിപ്പിക്കണമെന്ന നിബന്ധന കൊണ്ടുവരുകയായിരുന്നു.പുതിയ ഉത്തരവിനെതിരേ പ്രതിപക്ഷ കക്ഷികളും മറാഠിഭാഷ സ്നേഹികളും വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് . കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയവിദ്യാഭ്യാസനയം (എന്‍ഇപി) നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഹിന്ദി പഠനം ഉറപ്പാക്കാനുള്ള നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹിന്ദി അഞ്ചാംക്ലാസ് മുതല്‍ പഠിപ്പിക്കാമെന്ന് അജിത് പവാര്‍ മുംബൈ: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാംക്ലാസു മുതല്‍ ഹിന്ദി മൂന്നാംഭാഷയായി അവതരിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, പകരം അഞ്ചാംക്ലാസുമുതല്‍ ഹിന്ദി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും കഴിയുന്നതരത്തില്‍ ഒന്നാംക്ലാസുമുതല്‍ മറാഠി പഠിപ്പിക്കണമെന്നും അജിത് പവാര്‍ പറഞ്ഞു.'ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി ആവശ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അഞ്ചാംക്ലാസുമുതല്‍ ഹിന്ദി തുടങ്ങണം. വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസുമുതല്‍ മറാഠി പഠിക്കുകയും അത് നന്നായി വായിക്കാനും എഴുതാനും കഴിയുകയും വേണം. ഏതെങ്കിലും പ്രത്യേക ഭാഷ പഠിപ്പിക്കുന്നതിന് ആരും എതിരല്ലെങ്കിലും, ആദ്യഘട്ടത്തില്‍ത്തന്നെ ഒരു അധിക ഭാഷ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം ഉണ്ടാക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.