വാഷിങ്ടൺ∙ ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പത്തു ദിവസം മുൻപ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാൽ ഇത് പൂർണമായി വിജയിച്ചില്ല. ആണവ നിലയങ്ങൾക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ.
ഭൂമിക്കടിയിൽ ശക്തമായ കോൺക്രീറ്റ് പാളികൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങൾ തകർക്കാൻ കഴിയുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ് ഇറാനിൽ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്ഫോടനം നടത്താൻ കഴിയുന്ന ഈ ബോംബ് വഹിക്കാൻ കഴിയുന്നത് ബി 2 സ്റ്റെൽത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തിൽനിന്ന് ഈ വിമാനങ്ങൾ പറന്നുയർന്നത്.
നോർത്രോപ് ഗ്രമ്മൻ കമ്പനിയാണു ബി 2 യുദ്ധവിമാനം നിർമിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വഹിക്കാൻ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബർ എന്ന യുദ്ധവിമാന വിഭാഗത്തിൽ പെടുന്നതാണ് ഈ വിമാനം. യുഎസ് വ്യോമസേന മാത്രമാണ് ഈ വിമാനം പറത്താറുള്ളത്. നാവികസേന ഇതുപയോഗിക്കാറില്ല. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകൾക്കുള്ളിൽ ലോകത്തെവിടെയും എത്താൻ ഇതിനു സാധിക്കും. ഒരു പക്ഷിയെപോലെ തോന്നുന്ന രൂപഘടനയുള്ള ഈ വിമാനത്തിന്റെ സ്റ്റെൽത്ത് ശേഷിയും കെങ്കേമമാണ്. വിമാനത്തെ കണ്ടെത്താൻ ശത്രു റഡാറുകൾക്ക് കഴിയില്ല. 1988ൽ വിമാനത്തിന്റെ നിർമാണത്തിനു തുടക്കമായി. യുഎസ് എയർഫോഴ്സിന്റെ പക്കൽ മാത്രമാണ് ഈ വിമാനം ഉള്ളത്. 19 വിമാനങ്ങൾ ഉണ്ടെന്നാണ് വിവരം.
ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. ആക്രമണം നടത്തിയ സൈന്യത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.