തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക പരിപാടിയ്ക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ആർഎസ്എസ് കൊടി പിടിച്ച വനിതയെ രാജ്ഭവനിൽ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും മന്ത്രി വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ഗവർണർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാനും ആർലേക്കർക്കും രണ്ട് അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഗവർണർ ആർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെക്കട്ടെ. പ്രകോപനം ഉണ്ടാക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാനുമാണ് ഗവർണറുടെ ശ്രമം. ശേഷം ഭാരതാംബയുടെ ചിത്രത്തിൽ കുട്ടികൾക്ക് സംശയമുണ്ടെങ്കിൽ പാഠപുസ്തകത്തിലും കൂടി ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുക തന്നെയാണ് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ പറഞ്ഞു. ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനിൽ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.