തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പഴയ കൂട്ടുകെട്ടിനെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദിച്ചു. അനവസരത്തിലുള്ള പ്രസ്താവന ആണെന്നു തോന്നാമെങ്കിലും സിപിഎം ബുദ്ധിപൂര്‍വം സെക്രട്ടറിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്നും സതീശന് പറഞ്ഞു. പണ്ട് നമ്മള് കൂട്ടായിരുന്നുവെന്ന് ഓര്മപ്പെടുത്താന് വേണ്ടിയാണിത്. ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെയാണിത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും സഹായത്തിനു വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലായിരുന്നു അത്.
അടിയന്തരാവസ്ഥക്കാലത്ത് മാത്രമുണ്ടായ കൂട്ടുകെട്ടാണെന്നാണ് എം.വി.ഗോവിന്ദന് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ 1967ലും സിപിഎമ്മിനു ജനസംഘവുമായി കൂട്ടുകെട്ടുണ്ടായിരുന്നു. 1975ലെ ബന്ധത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുന്ദരയ്യ രാജിവച്ചത്. അദ്ദേഹത്തിന്റെ മരണശേഷമാണ് രാജിക്കത്ത് പുറത്തുവന്നത്. ആര്‍എസ്എസുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നത് ഇടതുപാര്‍ട്ടികളുടെ അന്ത്യത്തിന് ഇടയാക്കുമെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. 1989ലും ഇവര്‍ ഒരുമിച്ചായിരുന്നു. അന്ന് രാജീവ്ഗാന്ധിയെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി ഇവര്‍ കൈകോര്‍ത്തുവെന്നും സതീശന് പറഞ്ഞു.
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും തയാറായിരുന്നില്ല. പിന്നീട് പേരിന് ഒരാളെ നിര്‍ത്തി. എല്ലാ വീടുകളിലും പോയി സിപിഎം പച്ചയ്ക്കു വര്‍ഗീയത പറയുകയായിരുന്നു. ഈ കക്ഷികളെ എല്ലാം യുഡിഎഫ് അവിടെ തോല്പിക്കും. ജമാത്തെ ഇസ്ലാമിയുടെ സഹായം സിപിഎം മുന്‍പ് തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ട് നേടാനുള്ള തന്ത്രമാണ് എം.വി.ഗോവിന്ദന്റേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം - ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ട് പണ്ട് മുതലേ ഉണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ സിപിഎം-ആര്‍എസ്എസ് ധാരണയുണ്ടായിരുന്നു. പിണറായി വിജയനും ആദ്യം ജയിച്ചത് ആര്‍എസ്എസ് വോട്ട് കൊണ്ടാണ്. അൻവർ ഫാക്ടർ യുഡിഎഫിനെ ബാധിക്കില്ല. വിശദീകരണം നൽകാൻ എം.സ്വരാജ് ഗോവിന്ദനെക്കാൾ വളർന്നിട്ടില്ല. എം.വി. ഗോവിന്ദൻ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.