തിരുവനന്തപുരം: യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം. കേന്ദ്രം ആവശ്യപ്പെട്ട് ഏറെ ദിവസങ്ങളായിട്ടും സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകാത്തതിനുപിന്നാലെ യോഗേഷ് ഗുപ്ത കഴിഞ്ഞദിവസം പോലീസ് മേധാവിയെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഈ മാസം അവസാനം വിരമിക്കുന്ന പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് യാത്രയയപ്പ് നൽകുന്നതിനായി ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹം പോലീസ് മേധാവിയെ കണ്ടതെന്നാണ് വിവരം.
യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയെയും കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് വിവരം. ഇതിനായി പലതവണ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും തിരക്കുകാരണം സമയം അനുവദിച്ചിരുന്നില്ല. ഇപ്പോഴും അതിന് ശ്രമിക്കുന്നതായാണ് സൂചന. സംസ്ഥാന പോലീസ് മേധാവിയാകാൻ സാധ്യതയില്ലാത്ത അദ്ദേഹത്തിന് കേന്ദ്രസർവീസിലേക്ക് പോകുന്നതിനുള്ള തടസ്സമെന്താണെന്നത് സർക്കാർ വ്യക്തിമാക്കിയിട്ടില്ല. വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാരിന് അനഭിമതനായാണ് യോഗേഷ് ഗുപ്ത അഗ്നിരക്ഷാ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടത്.വിജിലൻസിൽനിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നിൽ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യമായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് അദ്ദേഹം നൽകിയ ശുപാർശ അംഗീകരിക്കപ്പെട്ടില്ല.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന്റെപേരിൽ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ കേസിന്റെ ഫയൽ സർക്കാരിന്റെ അഭിപ്രായം തേടാതെ സിബിഐക്ക് കൈമാറിയതും അദ്ദേഹത്തിന് എതിരായി.ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെപേരിൽ വിജിലൻസിൽ തീർപ്പാക്കാതെകിടന്ന എണ്ണൂറോളം കേസുകൾ തീർപ്പാക്കിയതും എതിർപ്പിനിടയാക്കിയതായി ചൂണ്ടിക്കാട്ടുന്നു. ഏതാനും പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെപേരിൽ കേസെടുക്കണമെന്ന് ശുപാർശചെയ്തതും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെപേരിലുള്ള പരാതി തീർപ്പാക്കിയതും എതിരായി.
പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്രസർവീസിലേക്ക് പോകാൻ ഒരുങ്ങിയതെന്നാണ് സൂചന. നിലവിൽ താത്കാലിക ഡയറക്ടറുള്ള ഇഡിയിലേക്ക് യോഗേഷ് എത്തുന്നതും സിബിഐയുടെ നേതൃസ്ഥാനത്ത് എത്തുന്നതും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കും എന്നതിനാലാണ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.അതേസമയം, നിലവിൽ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ രണ്ടാമതൊരു തസ്തികയിലേക്ക് പരിഗണിക്കാൻ ക്ലിയറൻസ് നൽകേണ്ടതില്ലെന്ന വാദവുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.