കൊച്ചി: കോടിക്കണക്കിന് രൂപയുടെ ചരക്കുമായി എംഎസ്‍സി എൽസ 3 അറബിക്കടലിൽ മുങ്ങിയതിനു പിന്നാലെ കമ്പനിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഉത്തരവ്. അഡ്മിറാലിറ്റി നിയമ പ്രകാരം ഹൈക്കോടതിയാണ് ഇന്ന് ഉത്തരവ് പറപ്പെടുവിച്ചിരിക്കുന്നത്. കൊളംബോയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് വരുന്ന എംഎസ്‍സി പോളോ II എന്ന കപ്പലാണ് തടഞ്ഞു വയ്ക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ചയും സമാന സാഹചര്യത്തിൽ കോടതി ഒരു കപ്പൽ തടഞ്ഞുവയ്ക്കുകയും കമ്പനി നഷ്ടപരിഹാര തുക അടയ്ക്കുകയും ചെയ്തിരുന്നു.
കൊല്ലം കേന്ദ്രമായ സാൻസ കാഷ്യൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദുബായ് കേന്ദ്രമായ ഒരു കമ്പനി വഴി തങ്ങൾ ഘാനയിൽ നിന്ന് തൂത്തുക്കുടിയിേലക്ക് ഇറക്കുമതി ചെയ്ത കശുവണ്ടി കപ്പലപകടത്തിൽ നഷ്ടപ്പെട്ടു എന്നാണ് പരാതി. രണ്ടു കപ്പൽ കമ്പനികളിലായാണ് ഇവ കൊണ്ടുവന്നത്. ഇതിൽ 51.42 ടൺ കയറ്റിയത് എംഎസ്‍സി മെലാറ്റിൽഡെ എന്ന കപ്പലിലാണ്.
തുടർന്ന് ഇത് വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുകയും അവിടെ നിന്ന് എംഎസ്‍സി എൽസ 3യിൽ കയറ്റി തൂത്തുക്കുടിയിലേക്ക് വരുന്നതു വഴി കപ്പൽ മുങ്ങി തങ്ങളുടെ മുഴുവൻ ചരക്കും നഷ്ടപ്പെട്ടു എന്നാണ് പരാതിക്കാർ പറയുന്നത്. ഇതിനു കോടതി ചെലവ് അടക്കം 73.50 ലക്ഷം രൂപ വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തുടർന്നാണ് ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കീം കപ്പൽ പിടിച്ചു വയ്ക്കാൻ നിര്‍ദേശം നൽകിയത്.
73.50 ലക്ഷം രൂപ കപ്പൽ കമ്പനി കെട്ടി വയ്ക്കണം എന്നാണ് നിർദേശം. ഈ മാസം 12ന് കൊളംബോയിൽ നിന്ന് പുറപ്പെട്ട എംഎസ്‍സി പോളോ II വെള്ളിയാഴ്ച ഉച്ചയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്. ഇപ്പോൾ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിലാണ് കപ്പലുളളത്. നേരത്തെ, സമാനമായ വിധത്തിൽ കശുവണ്ടി നഷ്ടപ്പെട്ട വ്യാപാരികൾ ചേർന്നു നൽകിയ ഹർജിയിൽ എംഎസ്‍സി മനാസ എഫ് എന്ന കപ്പലും വിഴിഞ്ഞത്ത് പിടിച്ചുവയ്ക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അന്നു തന്നെ കപ്പൽ കമ്പനി 5 കോടി രൂപയോളം ഹൈക്കോടതി റജിസ്ട്രിയിൽ അടച്ചു. ഇത് കേസ് തീരുന്നതു വരെ സ്ഥിരനിക്ഷേപമായി കിടക്കും. അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഉണ്ടായിരുന്ന ചരക്കുകള്‍ നഷ്ടപ്പെട്ട നൂറുകണക്കിനു പേരാണ് ഇത്തരത്തിൽ അഡ്മിറാലിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഫയൽ ചെയ്യാൻ എത്തുന്നത് എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.