റായ്പൂര്‍: പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പിറന്നാളാഘോഷിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമത്തിലെ 177, 184, 281 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗവും ഗതാഗത, സുരക്ഷാ ചട്ടങ്ങളുടെ ലംഘനവും വ്യക്തമായിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയോ ഭാര്യയെയോ പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദിവസങ്ങള്‍ മുന്‍പാണ് ഓടുന്ന പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാളാഘോഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലായിരുന്നു സംഭവം. ബല്റാംപൂര്-രാമാനുജ് ഗഞ്ചിലെ 12-ാം ബറ്റാലിയന് ഡിഎസ്പി തസ്ലീം ആരിഫിന്റെ ഭാര്യ ഫര്ഹീന് ഖാനാണ് പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാളാഘോഷിച്ചത്.
നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറിന്റെ ബോണറ്റിലിരുന്ന് യുവതി കേക്ക് മുറിക്കുന്നതാണ് വീഡിയോയിലുളളത്. അവരുടെ സുഹൃത്തുക്കളായ യുവതികള്‍ കാറിൻ്റെ വാതിലുകള്‍ തുറന്ന് തൂങ്ങി നില്ക്കുന്നതും വീഡിയോയില്‍ കാണാം. നിയമം അനുസരിച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാനാകൂ. നീല ബീക്കണുളള സര്‍ക്കാര്‍ വാഹനം വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്.
സംഭവത്തില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത ബിജെപി നിയമം തുല്യമായി നടപ്പാക്കുമോ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. സംഭവത്തില്‍ യഥാര്‍ത്ഥ നടപടികള്‍ ഉണ്ടാകുമോ അതോ ഉന്നത ബന്ധങ്ങളുളളവര്ക്കു വേണ്ടി നിയമം വീണ്ടും വലിച്ചെറിയപ്പെടുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.