കണ്ണൂര്‍: കായലോട്- പറമ്പായിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പില്‍ ഇതേ കുറിച്ച് പരാമര്‍ശമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരായ പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ് സുഹൃത്തിനെ ചോദ്യം ചെയ്തത്.
സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് മുഹമ്മദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കുറെ പേര് അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു. പിടിയിലായവര്‍ തങ്ങളുടെ ബന്ധുക്കള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം തന്നെ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വി സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യില്‍ സ്വദേശിയായ ആണ് സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയ്യാറായില്ല. പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.