കൊച്ചി: ബോധവത്കരണവും കാംപെയ്നുകളും പല തലങ്ങളില്‍ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരിയൊഴുക്കിന് കുറവില്ല. പോലീസിന്റെ ഡി-ഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങിയ ശേഷം ശരാശരി 120 മുതല്‍ 150 പേര് വരെ ദിവസവും അറസ്റ്റിലാകുന്നുണ്ട്. എക്സൈസ് കണക്കുകൂടി ചേരുമ്പോള്‍ പിടിയിലാകുന്നവരുടെ എണ്ണം 200 കടക്കും.
രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപയുടെ വരെ ലഹരി മരുന്നാണ് ദിവസവും പിടികൂടുന്നത്. ഡി-ഹണ്ടിലൂടെ ഈ മാസം 19 ദിവസത്തെ പരിശോധനയില്‍ 2,243 പേരാണ് പോലീസിന്റെ പിടിയിലായത്. 1,983 കേസുകളെടുത്തു. 25 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് 21 ദിവസംകൊണ്ട് പിടിച്ചെടുത്തത്.നാലുവര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 87,101 എണ്ണത്തിലും ലഹരിയുടെ പങ്കുണ്ടായിരുന്നു. തൊട്ടുമുന്‍പുള്ള നാലുവര്‍ഷം ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 37,228 മാത്രമായിരുന്നു. പിടികൂടുന്ന ലഹരിയുടെ 80 ശതമാനവും രാസലഹരിയായ മെത്താംഫെറ്റമിനും എംഡിഎംഎയുമാണ്. പിടിയിലാകുന്നവരില്‍ 80 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്.
പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ മൂന്നുതരത്തിലാണ് കേസെടുക്കുക. കുറഞ്ഞ അളവ് (സ്മോള്‍ ക്വാണ്ടിറ്റി), ഇടത്തരം അളവ് (മീഡിയം ക്വാണ്ടിറ്റി), വാണിജ്യ അളവ് (കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി) എന്നിങ്ങനെയാണ് തരംതിരിക്കുക. കുറഞ്ഞ അളവാണെങ്കില്‍ ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ വരെ പിഴയും മീഡിയം ക്വാണ്ടിറ്റിക്ക് 10 വര്‍ഷംവരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും വാണിജ്യ അളവാണെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി 20 വര്‍ഷവും കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാം.ചെറിയ അളവുമായി പിടികൂടുന്നവര്‍ക്ക് സ്റ്റേഷന് ജാമ്യം കിട്ടിയാല്‍ നടപടികള്‍ തീരില്ല. കോടതിയില്‍ ഹാജരായി കുറ്റം സമ്മതിച്ചാല്‍ പിഴ ഒടുക്കണം. അല്ലാത്തപക്ഷം കോടതിയില്‍ വാദിക്കേണ്ടി വരും. പിഴയടച്ചാല്‍ അതും ശിക്ഷയാണ്. ഭാവിയില്‍ ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
എംഡിഎംഎ 0.2 മുതല്‍ അഞ്ച് ഗ്രാം വരെ ഇടത്തരവും അതില്‍ താഴെ കുറഞ്ഞ അളവും അഞ്ച് ഗ്രാമിനു മുകളില്‍ വാണിജ്യ അളവുമാണ്. എല്‍എസ്ഡി സ്റ്റാമ്പാണെങ്കില് .002 ആണ് ചെറിയ അളവ്. ഒരു ഗ്രാമായാല് വാണിജ്യ അളവാകും. ഹഷീഷ് ഓയില്‍ ഒരു കിലോയില്‍ കൂടുതലെങ്കില്‍ വാണിജ്യ അളവാണ്. 100 ഗ്രാം മുതല്‍ ഒരു കിലോ വരെ ഇടത്തരവും 100 ഗ്രാം വരെ കുറഞ്ഞ അളവുമാണ്.കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ ചെറിയ അളവും ഒരു കിലോയ്ക്കും 20 കിലോയ്ക്കും ഇടയിലാണെങ്കില്‍ മീഡിയം ക്വാണ്ടിറ്റിയുമായാണ് കണക്കാക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.