കവന്‍ട്രി : സ്കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം. മരുന്ന് കഴിച്ച് കിടന്നുറങ്ങിയ കുട്ടിക്ക് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ രണ്ടരക്ക് ആശുപത്രിയിലേക്ക്. അഞ്ചു മിനിറ്റില്‍ ആശുപത്രിയില്‍ എത്തിയ കുഞ്ഞിന് പത്തു മിനിറ്റിനകം മരണം. എല്ലാം തകര്‍ന്ന നിലയിലായ അച്ഛനെയും അമ്മയെയും സ്വാന്ത്വനിപ്പിക്കാന്‍ ഓടിയെത്തി മലയാളികള്‍. നേരിട്ട് കാണുന്ന ആദ്യ ദാരുണ മരണത്തിന്റെ ഞെട്ടലും കവന്‍ട്രി മലയാളികളില്‍.
ജൂൺ 24 ചൊവ്വാഴ്ച്ച പതിവ് പോലെ സ്കൂളില്‍ പോയി വന്നതാണ് ഏഴു വയസുകാരന് റൂഫസ് കുര്യന്. വീട്ടില്‍ വന്നതോടെ ക്ഷീണം തോന്നി പനിക്കുള്ള മരുന്നും കഴിച്ച് കിടന്നുറങ്ങി. ഇടയ്ക്ക് റൂഫനെ മാതാപിതാക്കള്‍ ശ്രദ്ധിക്കുമ്പോഴും എല്ലാം പതിവ് പോലെ തന്നെ. എന്നാല്‍ ഇടയ്ക്ക് ശരീരത്തില്‍ തടിപ്പുകള്‍ കണ്ടപ്പോള്‍ അല്പം ആശങ്ക തോന്നിയെങ്കിലും നഴ്സായ അമ്മയ്ക്കും അതൊരു സാധാരണ പനിയായി മാത്രമാണ് തോന്നിയത്. പക്ഷെ അര്‍ധരാതി കഴിഞ്ഞതോടെ കുട്ടിക്ക് കലശലായ ക്ഷീണവും ബുദ്ധിമുട്ടും തോന്നിയതോടെ നടപ്പ് ദൂരമുള്ള ആശുപത്രിയിലേക്ക് എത്തിക്കാന്‍ രാത്രി രണ്ടരയോടെ കുടുംബ സുഹൃത് കൂടിയായ കവന്ററി വർഷിപ്പ് സെന്ററിലെ കർത്തൃദാസൻ പാസ്റ്റര്‍ ജിജി തോമസ് ഓടിയെത്തുക ആയിരുന്നു. കവന്‍ട്രി വർഷിപ്പ് സെന്ററിലെ സഭാ അംഗങ്ങളായ മാതാപിതാക്കളെയും കൂട്ടി പാസ്റ്റർ ജിജി തോമസ് കുഞ്ഞുമായി പത്ത് മിനിട്ടിനകം കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എ ആന്‍ഡ് ഇ യില്‍ എത്തി. അവിടെ ഹോസ്പിറ്റല്‍ ജീവനക്കാര്‍ കുട്ടിയെ പരിശോധിക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു ജോഡി ഡ്രെസ് കൂടി കുഞ്ഞിനായി എടുക്കാന്‍ പാസ്റ്റർ ജിജി തോമസ് തിരികെ വീട്ടിലേക്ക് എത്തി.
എന്നാല്‍ വീണ്ടും പത്തു മിനിറ്റിനകം ഫോണില്‍ റുഫ്സിന്റെ പിതാവ് ബ്രദർ കുര്യന്റെ ഫോണ്‍ എത്തുമ്പോള്‍ അങ്ങേത്തലയ്ക്കല്‍ കുഞ്ഞിന്റെ അമ്മ സിസ്റ്റർ ഷിജി തോമസ് അടക്കമുള്ളവരുടെ അലര്‍ച്ചയോടെയുള്ള നിലവിളയാണ് കേള്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ പാസ്റ്റര്‍ ജിജിയുടെ ശബ്ദത്തിന്റെ വിറയല്‍ മാറിയിരുന്നില്ല. കാരണം നിന്ന നില്പ്പില് മറഞ്ഞു പോയത് പോലെയാണ് റൂഫസിന്റെ മരണം പ്രിയപെട്ടവരെ തേടി എത്തിയിരിക്കുന്നത്.
ഒരു സാധാരണ പനിയുമായി സ്കൂളില്‍ നിന്നെത്തിയ കുഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത കേട്ട കവന്‍ട്രിയിലെ മലയാളികള്‍ക്കും സ്വന്തം കാതുകളെ വിശ്വസിക്കാമോ എന്ന ആശങ്കയിലാണ് ഒരു പകല്‍ പിന്നിടുമ്പോഴും. ഉച്ച ആയപ്പോഴേക്കും കുര്യന് താമസിക്കുന്ന വീട്ടിലേക്ക് ഓടിയെത്തിയ കവന്‍ട്രിയിലെ പൗരാവലിയില്‍ ആര്‍ക്കും ആരോടും ഒന്നും പറയാനില്ലാത്ത അവസ്ഥ. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുന്‍പെത്തിയ ബ്രദർ കുര്യനെയും കുടുംബത്തെയും ആദ്യമായി കണ്ടവര്‍ക്കും പോലും ശബ്ദം പുറത്ത് വരുന്നില്ല.
റുഫ്സിന്റെ പുഞ്ചിരി തൂകുന്ന ചിത്രം വീട്ടിലെ സ്വീകരണ മുറിയില്‍ ഇരിക്കുന്നത് അവന് ആ വീട്ടില്‍ എവിടെയോ ഒളിച്ചിരിക്കുകയാണ് എന്ന തോന്നല്‍ മാത്രമാണ് നല്‍കുന്നത്. ആ കുഞ്ഞ് ഇനി കൂടെയില്ല എന്ന സത്യം കാണുന്നവര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ ആകാത്ത സാഹചര്യത്തില്‍ എങ്ങനെ അച്ഛനും അമ്മയും ഏക ജേഷ്ഠനും ഉള്‍ക്കൊളും എന്ന വേദനയാണ് ഇപ്പോള്‍ ഓരോ ഹൃദയങ്ങളും പങ്കിടുന്നത്.
കുഞ്ഞിന്റെ മരണമറിഞ്ഞു കവന്‍ട്രി വര്‍ഷിപ്പ് സെന്ററിലെ അംഗങ്ങളും ബ്രദർ കുര്യന്റെ ബന്ധുക്കളും ഒക്കെ എത്തുന്നതേയുള്ളു. കയ്യില്‍ നിന്നും പിടിച്ചെടുത്ത് കൊണ്ട് പോയ മരണത്തെ മനസ്സില്‍ പോലും കാണാനാകാതെ റുഫ്സിന്റെ അമ്മ വിലപിക്കുമ്പോള്‍ ഹോസ്പിറ്റലില്‍ നിന്നും സഹ പ്രവര്‍ത്തകരായ ഡോക്ടര്‍മാരും നേഴ്സുമാരും ഒക്കെ അതിരാവിലെ തന്നെ വീട്ടില്‍ എത്തിയിരുന്നു. ആലപ്പുഴ സ്വദേശികളാണ് റുഫ്സിന്റെ മാതാപിതാക്കളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസും. ഏക സഹോദരന് സെക്കന്ററി സ്ക്കൂള് വിദ്യാര്‍ത്ഥിയാണ്.
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.