ന്യൂഡല്‍ഹി: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് വ്ളോഗറായ യുവതി ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി. ഹരിയാണയിലെ ട്രാവല്‍ വ്ളോഗറായ ജ്യോതി മല്‍ഹോത്ര, പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന് മുഹമ്മദ്, ഹരിയാണ സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍, അര്മാന് തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് സ്റ്റാഫംഗമായിരുന്ന ഇഹ്സാനുള്‍ റഹീം എന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയെന്നും വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് വ്ളോഗര്‍ അടക്കമുള്ളവരെ പിടികൂടിയത്.'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള ജ്യോതി മല്‍ഹോത്ര ട്രാവല്‍ വ്ളോഗറാണ്. 2023-ല്‍ യുവതി പാകിസ്താന് സന്ദര്‍ശിച്ചിരുന്നു.ഈ സമയത്താണ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് അംഗമായിരുന്ന ഡാനിഷുമായി പരിചയത്തിലായത്. ഇയാള്‍ പിന്നീട് ജ്യോതിയെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ട പലര്‍ക്കും പരിചയപ്പെടുത്തിനല്‍കിയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഡല്‍ഹിയിലെ പാക്ക് ഹൈക്കമ്മീഷന് അംഗമായിരുന്ന ഡാനിഷിനെ അടുത്തിടെ പുറത്താക്കിയിരുന്നു.ഡാനിഷുമായും ഇയാള്‍ മുഖനേ പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിര്‍ എന്ന റാണ ഷഹബാസുമായും വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ജ്യോതി ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. മാത്രമല്ല, സാമൂഹികമാധ്യമങ്ങളില്‍ പാകിസ്താന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ദൗത്യവും യുവതി ഏറ്റെടുത്തു. ഇതിനിടെ, പാക് ചാരസംഘടനയില്‍പ്പെട്ട ഒരാള്‍ക്കൊപ്പം യുവതി ബാലിയിലേക്ക് യാത്ര നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഞ്ചാബിലെ മലേര്‍കോട്ല സ്വദേശിനിയായ ഗുസാല(32)യും പാക് ഹൈക്കമ്മീഷന് വഴിയാണ് ഡാനിഷുമായി പരിചയത്തിലായത്. വിധവയായ ഗുസാല പാകിസ്താന് വിസയ്ക്കായി 2025 ഫെബ്രുവരി 27-നാണ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെത്തിയിരുന്നത്. ഇവിടെവെച്ച് ഡാനിഷുമായി പരിചയത്തിലായി. പിന്നീട് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ സംസാരിക്കുന്നത് പതിവായി. വാട്സാപ്പിന് പകരം ടെലിഗ്രാം ഉപയോഗിച്ച് ആശയവിനിമയം നടത്താനായിരുന്നു ഡാനിഷ് യുവതിയോട് നിര്‍ദേശിച്ചിരുന്നത്.
ടെലിഗ്രാം വഴിയുള്ള ആശയവിനിമയമാണ് കൂടുതല്‍ സുരക്ഷിതമെന്ന് ഇയാള്‍ യുവതിയെ ധരിപ്പിച്ചു. വീഡിയോകോളും പതിവായിരുന്നു. ഇതിനിടെ യുവതിയുമായി പ്രണയത്തിലായ ഡാനിഷ് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. മാര്‍ച്ച് ഏഴാം തീയതി ഡാനിഷ് ഗുസാലയ്ക്ക് പതിനായിരം രൂപ ഓണ്‍ലൈന്‍ വഴി അയച്ചുനല്‍കി. മാര്‍ച്ച് 23-ന് 20,000 രൂപ കൂടി അയച്ചു. തുടര്‍ന്ന് ഡാനിഷിന്റെ നിര്‍ദേശപ്രകാരം ഈ തുക പലസംഖ്യകളായി വീതംവെച്ച് യുവതി മറ്റുപലര്‍ക്കും അയച്ചുനല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഏപ്രില്‍ 23-ന് ഗുസാല തന്റെ സുഹൃത്തായ ബാനു നസ്രീനയുമായി വീണ്ടും പാക് ഹൈക്കമ്മീഷന് സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കും ഡാനിഷ് ഇടപെട്ടാണ് വിസ അനുവദിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡാനിഷുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് മലേര്‍കോട്ല സ്വദേശിയായ യാമീന് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പാക് ചാരന്മാരുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സിംകാര്‍ഡുകള്‍ വിതരണംചെയ്തതിനും പണം കൈമാറിയതിനുമാണ് ഹരിയാണയിലെ നൂഹ് സ്വദേശിയായ അര്മാന് പിടിയിലായത്. ഇയാള്‍ 2025-ലെ 'ഡിഫന്‍സ് എക്സ്പോ' സന്ദര്‍ശിച്ച് വിവരങ്ങള്‍ കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്യാല കന്റോണ്മെന്റിന്റെ വീഡിയോകളും ചിത്രങ്ങളും പാകിസ്താന് അയച്ചുനല്കിയതിനാണ് വിദ്യാര്‍ഥിയായ ദേവീന്ദര്‍ സിങ് ധില്ലണ്‍ പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.