തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിച്ചേക്കുമെന്ന് അഭ്യൂഹം. അടുത്തുതന്നെ നടക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് പുനഃസംഘടന നടത്തുന്നതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്.
കുറച്ചുനാളായി ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും തീരെ അപ്രതീക്ഷിതമായി മുൻ എംഎൽഎ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരുടെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്നും കേൾക്കുന്നുണ്ട്.മൂന്നാമൂഴത്തിലും അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയേക്കുമെന്ന തരത്തിൽ നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിലൊന്നാണ് മന്ത്രിസഭാ പുനഃസംഘടന എന്നാണ് ഇപ്പോൾ കേൾക്കുന്നത്. റിയാസിനെയും സജി ചെറിയാനെയും മന്ത്രിസ്ഥാനത്തുനിന്ന് നീക്കി പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചേക്കും.
തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള ഉത്തരവാദിത്വങ്ങളായിരിക്കും ഇവരെ ഏൽപ്പിക്കുക എന്നാണ് അറിയുന്നത്. പ്രവൃത്തിപരിചയമുള്ള മുതിർന്ന നേതാക്കളിൽ പലരെയും ഒഴിവാക്കിയാണ് മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതെന്ന് പാർട്ടിക്കുള്ളിലും പ്രതിപക്ഷ നിരകളിലും നിന്നും ആക്ഷേപം ഇപ്പോഴും ഉയരുന്നുണ്ട്. അത്തരം ആരോപണങ്ങളുടെ മുനയൊടിച്ച് ക്ലീൻ ഇമേജുമായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യവും പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും കേൾക്കുന്നുണ്ട്.സ്പീക്കർ എഎൻ ഷംസീറിനെ മന്ത്രിയാക്കിയശേഷം കെകെ ശൈലജയെ സ്പീക്കറാക്കുമെന്നും കേൾക്കുണ്ട്. സാമുദായിക സന്തുലനം പാലിച്ച് മന്ത്രിസഭയിലേക്ക് പല പുതുമുഖങ്ങളും ഉൾപ്പെട്ടേക്കുമെന്നും ചില കേന്ദ്രങ്ങൾ സൂചന നൽകുന്നുണ്ട്. സാമുദായിക സന്തുലനം പാലിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചതുകൂടി കണക്കാക്കിയാവും മന്ത്രിസഭാ പുനഃസംഘടന എന്നാണ് സൂചനകൾ. എന്നാൽ, പുനഃസംഘടന സംബന്ധിച്ച് ഒരു സ്ഥിരീകരണവും സിപിഎം കേന്ദ്രങ്ങൾ നൽകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.