തിരുവനന്തപുരം; യുവവനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന് ബെയ്ലിന് ദാസിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്റ്റേഷന് കടവില്‍നിന്നാണു പ്രതിയെ തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന് ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്എച്ചഒയ്ക്കാണു വിവരം ലഭിച്ചത്. പൊലീസ് വ്യാപകമായി വലവിരിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേർന്നു പ്രതിയെ പിടികൂടുകയായിരുന്നു. തുമ്പ സ്റ്റേഷനില്‍നിന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് എത്തിച്ച ബെയ്ലിന് ദാസിനെ ചോദ്യം ചെയ്തതിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.
ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ബെയ്ലിന് ദാസ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.അതേസമയം പ്രതിയെ പിടികൂടിയതില്‍ ആശ്വാസമുണ്ടെന്നും അനുഭവിച്ച മാനസിക സമ്മര്‍ദം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും മര്‍ദനമേറ്റ ശ്യാമിലി പറഞ്ഞു. കേരളാ പൊലീസിന് ഉള്‍പ്പെടെ കൂടെനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജെ.വി.ശ്യാമിലി എന്ന തന്റെ ജൂനിയര്‍ അഭിഭാഷകയെ ബെയ്ലിന് ദാസ് മര്‍ദിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണു വിവരം. ബെയ്ലിന് ദാസ് കാറില്‍ സഞ്ചരിക്കുന്നതായാണ് പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് തുമ്പ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവദിവസം ബെയ്ലിന് ദാസിനെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പൊലീസിനെ ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ തടഞ്ഞതായി മര്‍ദനമേറ്റ ശ്യാമിലി പ്രതികരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിക്ക് സംരക്ഷണവലയമൊരുക്കിയ പലരും സംഭവം വന്‍വിവാദമായതോടെ പതുക്കെ പിന്‍വാങ്ങുകയായിരുന്നു. ഇതിനിടെ ബെയ്ലിന് ദാസിന്റെ രാഷ്ട്രീയത്തെ ചൊല്ലിയും ഇടതു, വലതു പാര്‍ട്ടികള്‍ തമ്മില്‍ ആരോപണമുയർന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചതിനാല്‍ സിപിഎമ്മാണ് ബെയ്ലിന് ദാസിനെ സംരക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ കോണ്‍ഗ്രസിലേക്കു മടങ്ങിപ്പോയെന്നും യുഡിഎഫാണു സംരക്ഷിക്കുന്നതെന്ന് എതിർ ആരോപണവും ഉയര്‍ന്നു. ഇത്തരത്തില്‍ രാഷ്ട്രീയമായും വിവാദം കത്തുന്നതിനിടെയാണ് ബെയ്ലിന് ദാസ് പിടിയിലായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.