കോട്ടയം ;ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോട്ടയം ജില്ലാ അഡിഷനൽ സെഷൻസ് കോടതി 2. മീനടം പീടികപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം വെട്ടിമറ്റം എ.ആർ.വിനോദ് കുമാർ (കമ്മൽ വിനോദ്– 46), ഭാര്യ എൻ.എസ്.കുഞ്ഞുമോൾ (44) എന്നിവരെയാണു ശിക്ഷിച്ചത്.
പയ്യപ്പാടി മലകുന്നം വർഗീസ് ഫിലിപ്പിനെ (സന്തോഷ് 34) ആണ് കൊലപ്പെടുത്തിയത്. ജീവപര്യന്തത്തിനു പുറമേ തെളിവു നശിപ്പിച്ച കുറ്റത്തിന് കമ്മൽ വിനോദിന് 5 വർഷവും കുഞ്ഞുമോൾക്ക് 2 വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. 5 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം വേണം വിനോദ് ജീവപര്യന്തം ശിക്ഷ അനുഭവിക്കാൻ.കുഞ്ഞുമോൾ 2 ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. ഇരുവർക്കും 5 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസറാണു ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.സുഹൃത്തായിരുന്ന വർഗീസിനെ കുഞ്ഞുമോൾ വീട്ടിലേക്കു വിളിച്ചുവരുത്തിയെന്നും പിന്നിലൂടെയെത്തി വിനോദ് കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നുമാണു കേസ്. ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു. ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയപ്പോൾ പൊലീസിനു ലഭിച്ച ഷർട്ടിലെ ബട്ടൻസും കൊലപാതകം നടന്ന സ്ഥലത്തു നിന്നു ലഭിച്ച ഷർട്ടിലെ ബട്ടൻസും ഒരുപോലെയെന്നു കണ്ടെത്തിയതാണു കേസിൽ നിർണായകമായത്.
പ്രതികളുടെയും കൊല്ലപ്പെട്ട വർഗീസിന്റെയും ടവർ ലൊക്കേഷൻ ഒരിടത്തായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി. ഇന്നു വിധി പറയുന്നതിനു മുന്നോടിയായി കോടതിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. പ്രതികളുടെയും സഹായികളുടെയും ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്താണു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.