കോട്ടയം; വ്യവസായ വകുപ്പിന്റെ കീഴിൽ നിന്ന് കോട്ടയം പോർട്ട് തുറമുഖ വകുപ്പിന്റെ കീഴിലേക്ക് പ്രവർത്തനം മാറും.
മന്ത്രിതലത്തിൽ തീരുമാനമായ വിഷയത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഉത്തരവിറങ്ങും. ദ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് 51% ഉം കിൻഫ്രയ്ക്ക് 49% ഉം ഓഹരി പങ്കാളിത്തമുള്ള പോർട്ടിന്റെ ഭരണച്ചുമതല തുറമുഖ വകുപ്പിന്റെ കീഴിലേക്കു മാറുന്നതോടെ അടിമുടി മാറ്റത്തിന് തയാറെടുക്കുകയാണ് ഇവിടം.
വിഴിഞ്ഞത്തിന്റെ വികസനം സാധ്യമാകുന്നതോടെ കോട്ടയം പോർട്ടിനും കൂടുതൽ സാധ്യതകൾ കൈവരുമെന്ന പ്രതീക്ഷയാണുള്ളത്. ഉൾനാടൻ ജലഗതാഗത വകുപ്പും പൂർണ പിന്തുണ നൽകുന്നുണ്ട്. ദേശീയ ജലഗതാഗതപാത വികസിപ്പിച്ച് വിഴിഞ്ഞത്തെയും കോട്ടയം പോർട്ടിനെയും ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ കടലിലേക്ക് നീങ്ങി വിഴിഞ്ഞം തുറമുഖത്തേക്കും തിരികെയും ചരക്കുനീക്കം സാധ്യമാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കീഴിലുള്ള പോർട്ടുകളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കണ്ടെയ്നർ കയറ്റുമതി നടന്നതും കോട്ടയം പോർട്ടിലൂടെയാണ്. 2423 കണ്ടെയ്നറുകളും 60575 ടൺ ചരക്കുമാണ് കയറ്റുമതി ചെയ്തത്. ബഹ്റൈൻ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളും ഒരു ഉത്തരേന്ത്യൻ കമ്പനിയും പോർട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് സഹകരിക്കാൻ തയാറായി വന്നിട്ടുണ്ട്.
റെയിൽ മാർഗം കൂടി വികസിപ്പിച്ച് ലോജിസ്റ്റിക് ഹബ് എന്ന നിലയിൽ വികസിപ്പിക്കാനാണ് യുകെ കമ്പനിയുടെ പദ്ധതി. 70 കോടിയോളം രൂപയുടെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിൻ ഷിപ്‌യാഡ് ഇവിടേക്ക് ഫാബ്രിക്കേഷൻ ജോലികൾ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. മേഴ്സ്ക് ഉൾപ്പെടെയുള്ള കമ്പനികളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാൻ നാലു കോടിയുടെ റീച്ച് സ്റ്റാക്കർ ബേപ്പൂരിൽ നിന്ന് എത്തിക്കാനുള്ള നടപടികളായി. കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള യാഡിന്റെ നിർമാണവും അടിയന്തരമായി ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.