ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ നിരന്തരം പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യ.
അതിവേഗ മിസൈലുകളും ഡ്രോണുകളും പാകിസ്താൻ പ്രയോഗിച്ചെന്നും ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യംവെച്ചെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ സൈന്യം പറഞ്ഞു. പാക് ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചുവെന്നും കനത്ത തിരിച്ചടി നൽകിയെന്നും സേന അറിയിച്ചു.ഡൽഹിയിൽ വെച്ച് ചേർന്ന സംയുക്ത സേനാ വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. വിങ് കമാൻഡർ വ്യോമിക സിങ്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി എന്നിവരായിരുന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
വെടിനിർത്തൽ കരാർ തുടർച്ചയായി പാകിസ്താൻ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ കനത്ത തിരിച്ചടി പാകിസ്താന് നൽകി. പാകിസ്താന്റെ വ്യോമാക്രമണ ശ്രമം ഇന്ത്യ തകർത്തു. യാത്രാവിമാനങ്ങളെ മറയാക്കി ആക്രമണത്തിന് ശ്രമിച്ചെങ്കിലും അത് ഇന്ത്യ തകർത്തു.
ഇതിന്റെ തെളിവുകളുണ്ട്. തുടരെത്തുടരെ ജനവാസ മേഖലകളിലേക്കാണ് പാക് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ 26-ലധികം പ്രദേശങ്ങൾക്ക് നേരെ ആക്രമണം നടത്തി. അതിനെയെല്ലാം സേന തടഞ്ഞു. ഇന്ത്യയുടെ വ്യോമസേനാ താവളങ്ങൾ സുരക്ഷിതമാണെന്നും സേന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പടിഞ്ഞാറെ അതിർത്തികളിൽ പാകിസ്താൻ നിരന്തരം ആക്രമണം നടത്തുകയാണ്. ഡ്രോണുകൾ, ദീർഘദൂരായുധങ്ങൾ, യുദ്ധവിമാനങ്ങളടക്കമുള്ളവ ഉപയോഗിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ പാകിസ്താൻ ശ്രമിച്ചു. നിരവധി ആക്രമണങ്ങളെ ഇന്ത്യ നിർവീര്യമാക്കി. 26 ലധികം സ്ഥലങ്ങളിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചു.
ഉധംപുർ, ഭുജ്, പത്താൻകോട്ട്, ബട്ടിൻഡ തുടങ്ങിയ വ്യോമതാവളങ്ങളിലെ ഉപകരണങ്ങൾ പാക് ആക്രമണത്തിൽ കേടുപാടുപറ്റി. കഴിഞ്ഞ ദിവസം രാത്രി 1.40 ഓടെ അതിവേഗ മിസൈലുകളാണ് പാകിസ്താൻ ഉപയോഗിച്ചത്. പഞ്ചാബ് വ്യോമതാവളമായിരുന്നു ലക്ഷ്യം. ആരോഗ്യകേന്ദ്രങ്ങളും സ്കൂളുകളും അവർ ആക്രമിച്ചെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാക് സൈന്യം ഇന്ത്യ ലക്ഷ്യംവെച്ച് നീങ്ങുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് കൂടുതൽ ആക്രമണം ലക്ഷ്യംവെച്ചുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യൻ സായുധ സേന സർവസജ്ജമാണ്. ശത്രുക്കളുടെ എല്ലാ നടപടികളും ഫലപ്രദമായി ചെറുക്കുകയും കൃത്യമായി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.