തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷനായി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ചുമതലയേറ്റു. വര്‍ക്കിംഗ് പ്രസിഡന്റ്മാരായി വടകര എംപി ഷാഫി പറമ്പില്‍, വണ്ടൂര്‍ എംഎല്‍എ എ.പി അനില്‍കുമാര്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവരും സ്ഥാനമേറ്റെടുത്തു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കൂടി താത്പര്യം അനുസരിച്ചാണ് പുതിയ ടീമിനെ ഹൈക്കമാന്‍ഡ് കേരളത്തില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നേതൃമാറ്റമില്ലെങ്കില്‍ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടും ദീപ ദാസ് മുന്‍ഷിയുടെ വിലയിരുത്തലും നേതൃമാറ്റത്തില്‍ നിര്‍ണായകമായി.പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോള്‍ സ്വീകരിച്ച ഒരേയൊരു മാനദണ്ഡം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മികവ് കാണിച്ചവരും ഒപ്പം സാമൂദായിക സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കുന്ന ഫോര്‍മുലയും ആയിരിക്കണം എന്നത് മാത്രമാണ്. 2004ല്‍ പിപി തങ്കച്ചന് ശേഷം ആദ്യമായി ക്രൈസ്തവ സഭയില്‍ നിന്നുള്ള ഒരാള്‍ പാര്‍ട്ടിയുടെ അമരത്ത് എത്തിയെന്നതാണ് സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം കൊണ്ടു ഉണ്ടായത്. തങ്കച്ചന് മുമ്പ് 1987-92 കാലഘട്ടത്തില്‍ എ.കെ ആന്റണിയാണ് കെപിസിസി പ്രസിഡന്റ് ആയിരുന്ന ക്രൈസ്തവ നേതാവ്.
പാര്‍ട്ടിയുമായി അകന്ന് നില്ക്കുന്ന ക്രൈസ്തവ വിഭാഗത്തെ തിരികെ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണ് സണ്ണി ജോസഫിനേയും ആന്റോ ആന്റണിയേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് ഒടുവില്‍ സണ്ണി വക്കീലിന് നറുക്ക് വീണു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. കൃത്യമായി പറഞ്ഞാല്‍ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പുമുതല്‍ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
2011ല്‍ അധികാരത്തിലേറി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും അന്ന് സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി സിപിഎം ആയിരുന്നു. 2006, 2011, 2016, 2021 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ചിത്രം ഇത് തന്നെയായിരുന്നു.
ഒരു വര്‍ഷത്തിനപ്പുറം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അധികാരത്തിലെത്തുന്നതില്‍ കുറഞ്ഞതൊന്നും പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പത്ത് വര്‍ഷം തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരുന്നത് ചെറിയ ക്ഷീണമൊന്നുമല്ല സംഘടനാതലത്തിലും പാര്‍ട്ടിക്കുണ്ടാക്കിയിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പുതിയ നേതൃത്വം ആയിരിക്കും പാര്‍ട്ടിയെ സജ്ജമാക്കുക. പുതിയ നേതൃത്വത്തിലെ ഓരോരുത്തരേയും പരിശോധിച്ചാലും ജയിക്കാനായി ജനിച്ചവര്‍ എന്ന ടാഗ്ലൈനിന് അര്‍ഹതയുള്ളവരാണ്. ഇടത് ശക്തികേന്ദ്രങ്ങളില്‍ പോലും കടന്ന് കയറി വിജയിക്കാനുള്ള ഫോര്‍മുല കൈവശമുള്ളവരെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയതും അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് മൂന്ന് തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളത്. 2011,2016,2021 വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. കന്നിയങ്കത്തില്‍ 2011ല്‍ പരാജയപ്പെടുത്തിയതാകട്ടെ സിപിഎമ്മിന്റെ ജനകീയ മുഖമായ അന്നത്തെ സിറ്റിംഗ് എംഎല്‍എ കെകെ ശൈലജയെ. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ശക്തമായ മത്സരത്തിനൊടുവില്‍ പേരാവൂരുകാര്‍ സണ്ണി ജോസഫിനെ കൈവിട്ടില്ല.
വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിന്നും താരമാണ്. 2011ല്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 2016ലും 21ലും വിജയം ആവര്‍ത്തിച്ചു, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടകര ലോക്സഭാ മണ്ഡലത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ ഒരുലക്ഷത്തിലധികം വോട്ടിനാണ് ഷാഫി തോല്‍പ്പിച്ചത്.
വണ്ടൂര്‍ എംഎല്‍എ എപി അനില്‍കുമാറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പയറ്റിതെളിഞ്ഞ നേതാവാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശാകട്ടെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ പോയി മത്സരിച്ച് മണ്ഡലം സ്വന്തം കുത്തകയാക്കുന്നയാളാണ്. പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിന്റെ പര്യായമായി മാറിയ നേതാവായിരുന്നു അടൂര്‍ പ്രകാശ്. ഇതേ മോഡല്‍ തന്നെയാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലും അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചത്. 2024ല്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എസ് ജോയിയെ ശക്തമായ മത്സരത്തിനൊടുവിലാണ് അടൂര്‍ പ്രകാശ് തോല്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങിയ ഈ നേതാക്കള്‍ തലപ്പത്ത് തന്ത്രങ്ങള്‍ മെനയുമ്പോള്‍ അത് പാര്‍ട്ടിയെ കേരളത്തില്‍ അധികാരത്തില്‍ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയാണ് സാധാരണ പ്രവര്‍ത്തകരും വച്ച് പുലര്‍ത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.